'തമിഴനെ പ്രധാനമന്ത്രിയാക്കും'; തമിഴ്‌നാട്ടിൽ 25 മണ്ഡലങ്ങളിൽ മത്സരിക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ
ചെന്നെെ: തമിഴനെ പ്രധാനമന്ത്രിയാക്കാനുള്ള അവസരം ഡി എം കെ കെെവിട്ട് കളഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ അമിത് ഷാ ആരോപിച്ചു. തമിഴ്നാട്ടുകാരെ പ്രധാനമന്ത്രിയാകാനുള്ള രണ്ട് അവസരങ്ങൾ ഡി എം കെ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൂടാതെ ഭാവിയിൽ തമിഴ്നാട്ടിൽ നിന്ന് ഒരാളെ പ്രധാനമന്ത്രിയാക്കാൻ ശ്രമിക്കുമെന്നും പാർട്ടിയുടെ ബൂത്ത് തല പ്രവർത്തകരുമായി നടത്തിയ യോഗത്തിൽ അമിത് ഷാ പറഞ്ഞു. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 25 മണ്ഡലങ്ങളിൽ മത്സരിക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണ 39 ലോക്സഭ സീറ്റുകളിൽ അഞ്ച് എണ്ണത്തിലാണ് ബി ജെ പി മത്സരിച്ചത്. മൂന്നര ശതമാനം വോട്ടും നേടി. ആഭ്യന്തരമന്ത്രി ഇന്ന് വെല്ലൂരിൽ സന്ദര്‍ശനം നടത്തി. അമിത്ഷായുടെ സന്ദര്‍ശനം കണക്കിലെടുത്ത് വെല്ലൂരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.