2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കും, ഗുസ്തി താരങ്ങൾക്ക് കേന്ദ്രം നൽകിയ ഉറപ്പിന് പിന്നാലെ പ്രഖ്യാപനവുമായി ബ്രിജ് ഭൂഷൺ സിംഗ്

Sunday 11 June 2023 7:15 PM IST

ന്യൂഡൽഹി : 2024ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ലൈംഗികാരോപണ പരാതിയിൽ അന്വേഷണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി,​ജെ,​പി എം.പിയുമായ ബ്രിജ് ഭൂഷൺ സിംഗ്,​ കൈസർഗഞ്ചിൽ ബി.ജെ.പി സംഘടിപ്പിച്ച സംയുക്ത് മോർച്ച സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ബ്രിജ് ഭൂഷൺ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

2024ൽ വൻ ഭൂരിപക്ഷത്തിൽ ബി.ജെ.പി വീണ്ടും സർക്കാർ രൂപീകരിക്കും. ഉത്തർപ്രദേശിലെ എല്ലാ സീറ്റുകളിലും ബി,​.ജെ.പി വിജയിക്കും,​. കൈസർഗഞ്ച് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് തന്നെ വീണ്ടും മത്സരിക്കുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.

തന്റെ വീട്ടിൽ നിന്ന് സമ്മേളനവേദിയിലേക്ക് നൂറുകണക്കിന് കാറുകളുടെ അകമ്പടിയോടെ റോഡ് ഷോ നടത്തിയാണ് ബ്രിജ് ഭൂഷൺ എത്തിയത്. നേരത്തെ അയോദ്ധ്യയിൽ നടത്താനിരുന്ന റാലി ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ അവസാന നിമിഷം മാറ്റിവച്ചിരുന്നു.

ബ്രിജ് ഭൂഷൺ സിംഗിന്റെ പേരിൽ നൽകിയ ലൈംഗികാതിക്രമ പരാതികളിൽ ഈ മാസം 15നകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുമെന്ന് ഗുസ്തിതാരങ്ങളുമായുള്ള ചർച്ചയിൽ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ഉറപ്പുനൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തിര‌ഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ബ്രിജ് ഭൂഷണിന്റെ പരസ്യപ്രഖ്യാപനം. കേന്ദ്രം നൽകിയ ഉറപ്പിന്റെ പശ്ചാത്തലത്തിൽ ഗുസ്തി താരങ്ങൾ സമരപരിപാടികൾ 15 വരെ നിറുത്തി വച്ചിരുന്നു.

അതേസമയം ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റു ചെയ്തില്ലെങ്കിൽ ഈ മാസം നടക്കേണ്ട ഏഷ്യൻ ഗെയിംസ് ട്രയൽസ് ബഹിഷ്‌കരിക്കുമെന്ന് സാക്ഷി മാലിക് കഴിഞ്ഞ ദിവസം പറഞ്ഞു. ഹരിയാനയിലെ സോണിപത്തിൽ ചേർന്ന ഖാപ് മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സാക്ഷി നിലപാട് വ്യക്തമാക്കിയത്.