ഇന്ത്യൻ പ്രധാനമന്ത്രിയെ വരവേൽക്കാൻ 'മോദി ജി താലി'യൊരുക്കി അമേരിക്കയിലെ റസ്‌റ്റോറന്റ്; വിഭവങ്ങളുടെ കൂട്ടത്തിൽ മലയാളികളുടെ ഇഷ്‌ട ഭക്ഷണവും

Monday 12 June 2023 11:04 AM IST

ന്യൂയോർക്ക്: ഈ മാസാവസാനം രാജ്യത്തെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്ക. ഗംഭീര സ്വീകരണ പരിപാടികളാണ് അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനിടയിൽ മോദിയുടെ പേരിലുള്ള പ്രത്യേക 'താലി' മീൽസിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂജഴ്സിയിലെ ഒരു റസ്റ്റോറന്റാണ് ഈ സ്‌പെഷ്യൽ 'താലി'മീൽസുണ്ടാക്കുന്നത്. ഇതിന്റെ പേരിലും പ്രത്യേകതയുണ്ട്. 'മോദി ജി താലി' എന്നാണ് സ്വാദിഷ്ടമായ ഭക്ഷണത്തിന് നൽകിയിരിക്കുന്ന പേര്.

ശ്രീപദ് കുൽക്കർണിയെന്ന് ഷെഫാണ് 'താലിക്ക്' പിന്നിൽ. കിച്ചടി, രസഗുള, സർസൺ കാ സാഗ്, കാശ്മീരി ദം ആലൂ, ധോക്ല, ചാഞ്ച്, പപ്പഡ് തുടങ്ങിയ പരമ്പരാഗത ഇന്ത്യൻ വിഭവങ്ങളുടെ ഒരു നിര തന്നെയാണ് ഇതിലുള്ളത്. മലയാളികളുടെ ഇഷ്ട വിഭവവുമായ ഇഡ്ഡലിയും വിഭവങ്ങളുടെ കൂട്ടത്തിലുണ്ട്.

ഇന്ത്യൻ പ്രവാസികളുടെ ആവശ്യാനുസരണമാണ് 'മോദി ജി താലി' തയ്യാറാക്കിയതെന്ന് ‌ഷെഫ് കുൽക്കർണി പറയുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് ഡെഡിക്കേറ്റ് ചെയ്യാൻ മറ്റൊരു പ്രത്യേക താലി ഉടൻ പുറത്തിറക്കാനും റസ്റ്റോറന്റ് ഉടമ പദ്ധതിയിടുന്നുണ്ട്. ഇന്ത്യൻ -അമേരിക്കൻ സമൂഹത്തെ യോജിപ്പിച്ച് നിർത്താൻ അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഷെഫ് പറയുന്നു.

ഇത് ആദ്യമായിട്ടല്ല മോദിക്ക് വേണ്ടി ഒരു റസ്റ്റോറന്റ് പ്രത്യേക വിഭവങ്ങൾ വിളമ്പുന്നത്. കഴിഞ്ഞ സപ്തംബർ 17 ന് അദ്ദേഹത്തിന്റെ ജന്മദിനത്തിന് മുന്നോടിയായി, ഡൽഹി ആസ്ഥാനമായുള്ള ഒരു റെസ്റ്റോറന്റ് '56 ഇഞ്ച് മോദി ജി' താലി വിളമ്പിയിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് മോദി അമേരിക്കയിലേക്ക് പോകുന്നത്. ഈ മാസം ഇരുപത്തിയൊന്നിനാണ് നാല് ദിവസത്തെ സന്ദർശനം ആരംഭിക്കുന്നത്.