മഹാരാജാസ് കോളേജിൽ തെളിവെടുപ്പ്; വൈസ് പ്രിൻസിപ്പലടക്കമുള്ളവരുടെ മൊഴിയെടുത്തു, വിദ്യ ഒളിവിൽ തന്നെ
കൊച്ചി: മഹാരാജാസ് കോളേജിലെ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുണ്ടാക്കിയ കേസിൽ അന്വേഷണ സംഘം കോളേജിൽ തെളിവെടുപ്പ് നടത്തി. ഡി വൈ എസ് പി എൻ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം വൈസ് പ്രിൻസിപ്പൽ, മുൻ വൈസ് പ്രിൻസിപ്പൽ, മലയാളം വിഭാഗം അദ്ധ്യാപകൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തി.
അതേസമയം, അന്വേഷണം ഒരാഴ്ച പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വിവിധ സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും ഫോൺ സ്വിച്ച് ഓഫാണെന്നും പൊലീസ് അറിയിച്ചു.
വിദ്യയുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും രേഖയിലെ സെക്ഷൻ നമ്പർ തെറ്റാണെന്നും കോളേജ് വൈസ് പ്രിൻസിപ്പൽ ബിന്ദു ശർമിള അറിയിച്ചു. കോളേജിൽ പത്ത് വർഷത്തിനിടെ ഗസ്റ്റ് ലക്ചററെ നിയമിച്ചിട്ടില്ലെന്നും മറ്റൊരു സ്‌കോളർഷിപ്പിനായി നൽകിയ സർട്ടിഫിക്കറ്റിലെ ഒപ്പും സീലും ഉപയോഗിച്ചാണ് വ്യാജ രേഖയുണ്ടാക്കിയതെന്ന് സംശയമുണ്ടെന്നും അവർ വ്യക്തമാക്കി.
ഇന്നലെ മുൻകൂർ ജാമ്യം തേടി വിദ്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്നും അവിവാഹിതയായ തന്നെ അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. വ്യാജരേഖ തയ്യാറാക്കിയിട്ടില്ലെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കാമെന്നും അവർ കോടതിയെ അറിയിച്ചിരുന്നു.