താനൂർ ബോട്ട് അപകടം; അറസ്റ്റിലായ തുറമുഖ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി

Tuesday 13 June 2023 2:20 PM IST

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി. പോർട്ട് കൺസർവേറ്റർക്കും സർവെയറർക്കും എതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കൺസർവേറ്റർ ബോട്ടുടമയ്ക്കായി അനധികൃത ഇടപെടൽ നടത്തിയെന്നും സർവെയർ ശരിയായ സുരക്ഷാ പരിശോധന നടത്തിയില്ലെന്നും തെളിഞ്ഞിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് വി കെ മോഹനൻ ചെയർമാനായുള്ള ജുഡീഷ്യൽ കമ്മിഷനെയാണ് സർക്കാർ നിയോഗിച്ചത്.

താനൂർ ബോട്ടപകടത്തെക്കുറിച്ച് സമഗ്രമായ റിപ്പോർട്ടു തയ്യാറാക്കി നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനായി ചീഫ് സെക്രട്ടറി ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു. അദ്ദേഹത്തെ സഹായിക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലെ സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും നിർദേശമുണ്ടായിരുന്നു.

ഇത്തരം ദാരുണമായ സംഭവങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് എസ് വി എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. മേയ് ഏഴിലെ താനൂർ ബോട്ടപകടത്തെത്തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് നിർദ്ദേശം. റിപ്പോർട്ട് നൽകാൻ സർക്കാർ അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്ന് ഹർജി ജൂൺ 27 ലേക്ക് മാറ്റിയിരിക്കുകയാണ്.