ഗാന്ധി സമാധാന സമ്മാനം ഗീത പ്രസിന്

Monday 19 June 2023 12:33 AM IST

ന്യൂ ഡൽഹി : കേന്ദ്രസർക്കാരിന്റെ 2021ലെ ഗാന്ധി സമാധാന സമ്മാനം,​ ഗൊരഖ്പൂരിലെ പ്രശസ്‌ത പ്രസാധകരായ ഗീത പ്രസിന്. ഒരു കോടി രൂപയും ഫലകവും കരകൗശല ഉത്പന്നവുമാണ് സമ്മാനം.

പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ ജൂറി ഏകകണ്‌ഠമായാണ് ഗീത പ്രസിനെ തിരഞ്ഞെടുത്തത്. ഗീത പ്രസിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, നൂറ് വർഷത്തിലേറെ പാരമ്പര്യമുളള പ്രസ് സമൂഹത്തിന് നൽകിയ സംഭാവനകൾ അനുസ്‌മരിച്ചു.

ഗാന്ധിയൻ അഹിംസ,​ സമാധാനം,​ സാമൂഹിക സൗഹാർദ്ദം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുകയും സാമൂഹ്യ,​ സാമ്പത്തിക,​ രാഷ്ട്രീയ മാറ്റങ്ങൾക്കായി സംഭാവനകൾ നൽകുകയും ചെയ്‌തെന്ന് ജൂറി വിലയിരുത്തി.

ലോകത്തെ തന്നെ വലിയ പ്രസാധക സ്ഥാപനമായ ഗീത പ്രസ് 1923ലാണ് ആരംഭിക്കുന്നത്. പതിനാല് ഭാഷകളിലായി 41.7 കോടി പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. ഭഗവദ്ഗീത മാത്രം 16.21 കോടി പുസ്‌തകങ്ങൾ ഇറക്കി.

1995ൽ മഹാത്മാ ഗാന്ധിയുടെ 125ാം ജയന്തി ദിനത്തിലാണ് ഗാന്ധി പീസ് പ്രൈസ് ഏർപ്പെടുത്തിയത്. അന്തരിച്ച നെൽസൺ മണ്ടേലയെ പോലുള്ള മഹാരഥന്മാർക്കും,​ ഐ.എസ്.ആർ.ഒ പോലുള്ള പ്രമുഖ സ്ഥാപനങ്ങൾക്കും പുരസ്‌ക്കാരം പ്രഖ്യാപിച്ചിട്ടുണ്ട്.