ടൈറ്റാനിക്കിനെ കാണാൻ സമുദ്രത്തിനടിയിൽ പോയ 'ടൈറ്റൻ' കാണാതായി; അന്തർവാഹിനിയിൽ ബാക്കിയുള്ളത് 70 മണിക്കൂറേക്കുള്ള ഓക്‌സിജൻ മാത്രം

Tuesday 20 June 2023 8:13 PM IST

ന്യൂയോർക്ക്: ഒരു നൂറ്റാണ്ട് മുൻപ് തകർന്നുപോയ വിശ്വപ്രസിദ്ധമായ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്‌ട ഭാഗങ്ങൾ കാണുന്നതിന് അറ്റ്ലാന്റിക് സമുദ്രത്തിനടിയിലേക്ക് പോയ അന്തർവാഹിനി കാണാതായി. അഞ്ച് യാത്രക്കാരുമായി പോയ ഓഷ്യൻഗേറ്റ് എക്‌സ്‌‌പെഡിഷൻസ് എന്ന 'ടൈറ്റൻ' അന്തർവാഹിനിയാണ് കാണാതായത്.

ജീവനക്കാർക്ക് പുറമേ ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിംഗ്, പാകിസ്ഥാനിലെ കറാച്ചിയിലെ 'എൻഗ്രോ' ബിസിനസ് സാമ്രാജ്യ അധിപനായ ഷഹ്‌സാദാ ദാവൂദ്, മകൻ സുലേമാൻ എന്നിവരും ഈ അന്തർവാഹിനിയിലുണ്ടെന്നാണ് വിവരം. ഇവരുടെ കുടുംബം വാർത്ത സ്ഥിരീകരിച്ചു. യാത്ര പുറപ്പെട്ട് രണ്ട് മണിക്കൂറിനകം അന്തർവാഹിനിയുമായുള്ള ആശയവിനിമയം നഷ്‌ടമായി. ജൂൺ 18നാണ് സംഘം യാത്ര പുറപ്പെട്ടതെന്ന് എൻഗ്രോയുടെ ട്വീറ്റിൽ വ്യക്തമായിട്ടുണ്ട്. ഏതാണ്ട് 70 മണിക്കൂർ വരെ കഴിയാനുള്ള ഓക്‌സിജൻ മാത്രമേ ഇനി അന്തർവാഹിനിയിലുള്ളു.

കാണാതായ അന്തർവാഹിനിയെ കണ്ടെത്താൻ കടലിൽ പ്രത്യേക കപ്പൽ സ്ഥലത്തെത്തിയിട്ടുണ്ട്. ഇതിൽനിന്നും കടലിനടിയിൽ പരിശോധന നടത്താവുന്ന റിമോട്ട് കൺട്രോൾ കൊണ്ട് പ്രവർത്തിക്കുന്ന അന്തർവാഹിനി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുൻപ് ടൈറ്റാനികിനെക്കുറിച്ച് പര്യവേഷണം നടത്തിയ ഫ്രഞ്ച് നേവി മുങ്ങൽ വിദഗ്ദ്ധൻ പോൾ ഹെൻട്രി നർജിയോലെറ്റിനെയും കാണാതായിട്ടുണ്ട്. കാനഡയിൽ നിന്നും 600 മൈലകലെ ന്യൂഫൗണ്ട്‌ലാന്റിൽ വച്ചാണ് ഞായറാഴ്‌ച ടൈറ്റനെ കാണാതായത്. അമേരിക്കൻ നാവികസേന വ്യാപകമായി സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്. ഓക്‌സിജൻ അളവ് കുറയും മുൻപ് അന്തർവാഹിനിയെ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് സമുദ്ര ഗവേഷകരും അഭിപ്രായപ്പെട്ടു. 2021 മുതൽ ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് ടൈറ്റാനിക് അവശിഷ്‌ടങ്ങൾ കാണിക്കുന്ന എട്ട് ദിവസത്തെ പാക്കേജായ ഈ യാത്ര നടത്താറുണ്ട്.

Advertisement
Advertisement