മലയാളികളേ അറിയൂ, ഈ മീനിന് ചൈനയിൽ വൻ ഡിമാന്റ്, വിഴിഞ്ഞത്ത് ഇന്നലെ വിറ്റുപോയത് ഒരു ലക്ഷം രൂപയ‌്ക്ക്
Wednesday 21 June 2023 11:30 AM IST
സീസൺ ആരംഭിച്ചിട്ടും മത്സ്യ ലഭ്യതയില്ലാത്ത വിഴിഞ്ഞം തീരത്തെ മത്സ്യത്തൊഴിലാളികൾക്ക് ഇന്നലെ ലഭിച്ചത് കിലോക്കണക്കിന് ക്ലാത്തി മത്സ്യം. തട്ട്മടി മത്സ്യബന്ധനത്തിന് പോയ വള്ളങ്ങളിലാണ് ഇവ കിട്ടിയത്. വലിയ ക്ലാത്തി മത്സ്യങ്ങളുള്ള വള്ളത്തിന് ഒരു ലക്ഷത്തോളം രൂപ ലഭിച്ചു. കൂടുതൽ ക്ലാത്തി മത്സ്യങ്ങളെത്തിയതോടെ വില 20,000 ആയി കുറഞ്ഞു.
ഒരെണ്ണത്തിന് 300 രൂപ മുതൽ 500 രൂപ വരെ വില കിട്ടി. കേരളത്തിൽ ഈ മത്സ്യത്തിന് വലിയ ഡിമാന്റില്ല. ഇവ കൂടുതലും ചൈനയിലേക്കാണ് കയറ്റി അയയ്ക്കുന്നത്. ചൈനയിൽ കട്ലറ്റ് പോലുള്ള മത്സ്യവിഭവങ്ങൾ ഉണ്ടാക്കാനാണ് ഇവ ഉപയോഗിക്കുന്നത്. ഉറപ്പേറിയ മാംസവും കാഠിന്യമേറിയ മുള്ളുകളുമാണ് ഇതിനുള്ളത്. പ്രോട്ടീൻ കൂടുതലുള്ള ഈ മത്സ്യം രുചിയിലും മുന്നിലാണ്.