യഷിനെ കടത്തിവെട്ടി രമ്യകൃഷ്ണന്റെ ഡാൻസ്
കന്നട സൂപ്പർതാരം യഷിനെ കടത്തിവെട്ടുന്ന ചടുലതയിൽ നൃത്തം ചെയ്യുന്ന രമ്യകൃഷ്ണന്റെ വീഡിയോ ശ്രദ്ധ നേടുന്നു. 37 കാരനായ യഷിനെ 52 കാരിയായ രമ്യകൃഷ്ണൻ തോൽപ്പിച്ചെന്ന് ആരാധകർ. ഒരേ സ്റ്റെപ്പുകൾ ചെയ്യുകയും പരസ്പരം പൊട്ടിച്ചിരിക്കുകയും കൂടുതൽ ആളുകളെ നൃത്തം ചെയ്യാൻ ക്ഷണിക്കുകയുമാണ് താരങ്ങൾ. സുമലതയുടെയും അന്തരിച്ച നടൻ അംബരീഷിന്റെയും മകൻ അഭിഷേകിന്റെ വിവാഹവേദിയിൽ നിന്നുള്ളതാണ് വീഡിയോ. ഒരു കാലത്ത് മലയാളത്തിലെ പ്രിയ നായികയായിരുന്നു രമ്യ കൃഷ്ണൻ. നേരം പുലരുമ്പോൾ, ആര്യൻ, അനുരാഗി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സഖറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനം അഭിനയിച്ചത്. അതേസമയം 2022 ൽ പുറത്തിറങ്ങിയ കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിലാണ് യഷ് അവസാനമായി അഭിനയിച്ചത്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുകയും ചെയ്തു.