ജാബിലിന് അബുദാബിയിൽ നിന്ന് കൊറിയർ വഴി എത്തിയത് കുട്ടികൾക്കുള്ള സോപ്പും ക്രീമും ചീസും, സംശയം തോന്നി പരിശോധിച്ചപ്പോൾ കസ്റ്റംസും ഞെട്ടി
കൊച്ചി : സ്വർണക്കടത്തിന് പുതിയ തന്ത്രങ്ങൾ തേടുന്ന സംഘങ്ങൾ ഇത്തവണ സ്വർണം കടത്താൻ ഉപയോഗിച്ചത് ചീസ് ടിന്നുകൾക്കുള്ളിൽ ഒളിപ്പിച്ച്. കൊച്ചി രാജ്യാന്തര വിമാനത്താവളതതിലാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. പാലുത്പന്നമായ ചീസിന്റെ ടിന്നുകളിലാണ് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
അബുദാബിയിൽ നിന്ന് ഫാസ്റ്റ് ട്രാക്ക് എക്സ്പ്രസ് എന്ന കൊറിയർ ഏജൻസി വഴിയെത്തിയ പാഴ്സലാണ് പിടികൂടിയത്. സലീജ് എന്നയാൾ ജാബിൽ ഉത്തേ എന്നയാളുടെ വിലാസത്തിലേക്കാണ് കൊറിയർ അയച്ചത്.
ബേബി സോപ്പ്സ്, ബേബി ക്രീം, പാലുത്പന്നങ്ങൾ എന്നിവയാണ് കൊറിയറിലുണ്ടായിരുന്നത്. സ്ക്രീനിംഗിൽ സംശയം തോന്നിയ കസ്റ്റംസ് ചീസ് ടിന്നുകൾ പൊട്ടിച്ചു നോക്കി. അതിനുള്ളിൽ പത്ത് ഗ്രാം വീതമുള്ള ആറ് സ്വർണ നാണയങ്ങളാണ് ഉണ്ടായിരുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയും കൊച്ചി വിമാത്താവളത്തിൽ നിന്ന് 60 ഗ്രാം സ്വർണവും 203 ഗ്രാം സ്വർണവും പിടികൂടിയിരുന്നു.