സുധാ മൂർത്തിക്കും, ഗണേഷിനും പ്രിയയ്ക്കും കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌ക്കാരം

Saturday 24 June 2023 4:34 AM IST

ന്യൂ ഡൽഹി : 2023ലെ കേന്ദ്ര സാഹിത്യ അക്കാഡമി യുവ, ബാലസാഹിത്യ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് ഭാഷാ വിഭാഗത്തിലെ ബാലസാഹിത്യ പുരസ്‌ക്കാരത്തിന് സാഹിത്യകാരിയും, എൻജീനിയറും, ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുടെ ഭാര്യയുമായ സുധാമൂർത്തി അർഹയായി.

ഗ്രാൻഡ് പേരന്റ്സ് ബാഗ് ഓഫ് സ്റ്റോറീസ് എന്ന കഥാസമാഹാരത്തിനാണ് അംഗീകാരം. പ്രൊഫസർ ഡോ. എ. ജമീല ബീഗം, റാണാ നയ്യാർ, പ്രൊഫസർ മഞ്ജു ജെയ്ഡ്കാ എന്നിവരടങ്ങിയ ജൂറിയാണ് സുധാമൂർത്തിയെ പുരസ്‌ക്കാരത്തിനായി തിരഞ്ഞെടുത്തത്. മലയാള ഭാഷാ വിഭാഗത്തിൽ പെരുമഴയത്തെ കുഞ്ഞിതളുകൾ എന്ന നോവലിന് പ്രിയ എ.എസിനാണ് ബാലസാഹിത്യ പുരസ്‌ക്കാരം. ഡോ. പോൾ മണലിൽ, ബി.എസ്. രാജീവ്, മുണ്ടൂർ സേതുമാധവൻ എന്നിവരടങ്ങിയ ജൂറിയാണ് തിരഞ്ഞെടുത്തത്. 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലെഴുതിയ നോവലിന് മികച്ച ബാലസാഹിത്യ നോവലിനുളള കേരള സാഹിത്യ അക്കാഡമി പുരസ്‌ക്കാരവും ലഭിച്ചിരുന്നു.

മലയാള ഭാഷാ വിഭാഗത്തിൽ അച്‌ഛന്റെ അലമാര എന്ന കവിതയ്‌ക്ക് ഗണേഷ് പുത്തൂരിനാണ് യുവ പുരസ്‌ക്കാരം. ഡോ. എം.എൻ. വിനയകുമാ‌ർ, ഡോ. ഗീത പുതുശ്ശേരി, ഡോ. നെടുമുടി ഹരികുമാർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌ക്കാര ജേതാവിനെ

തിരഞ്ഞെടുത്തത്.അൻപതിനായിരം രൂപയും, ഫലകവുമാണ് സമ്മാനം.

ഫോട്ടോ ക്യാപ്ഷൻ : 2023ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌ക്കാരത്തിന് അർഹരായ ഗണേഷ് പുത്തൂർ, പ്രിയ എ.എസ്, സുധാ മൂർത്തി എന്നിവർ