ജോൺ, ഇപ്പോഴും മുട്ടിവിളിക്കുന്നുണ്ട്
അനുഗ്രഹീത ചലച്ചിത്രകാരനായ ജോൺ എബ്രഹാമിനെ, ജോണിന്റെ സഞ്ചാരങ്ങളെ, ജീവിച്ച ജീവിതത്തെ അടയാളപ്പെടുത്തുക മാത്രമല്ല ജോൺ എന്ന സിനിമയിലൂടെ സംവിധായകൻ പ്രേംചന്ദ് ചെയ്യുന്നത്. ആരായിരുന്നു ജോണെന്ന് ഓർമ്മപ്പെടുത്തുക കൂടിയാണ്.
പൊട്ടിച്ചിരിച്ചു കൊണ്ട് ഒരു പരിചയം ഗ്ലാസ് നീട്ടുന്നു: താനെവിടെയായിരുന്നിത്ര നാളും കവീ? ഇത് ചെകുത്താന്റെ രക്തം, കുടിക്കുക; ഇവിടെയുണ്ടായിരുന്നു ജോൺ, എപ്പോഴോ ഒരു ബഹൂമിയൻ ഗാനം പകുതിയിൽ പതറി നിർത്തി അവനിറങ്ങിപ്പോയി. അവന് കാവലാളാര്? ഈ ഞങ്ങളോ? ” (എവിടെ ജോൺ- ബാലചന്ദ്രൻ ചുള്ളിക്കാട്)
എവിടെ ജോൺ...? എന്ന ചോദ്യത്തിന് ഉത്തരമാണ് മാദ്ധ്യമ പ്രവർത്തകനും ചലച്ചിത്ര നിരൂപകനുമായ പ്രേം ചന്ദ് സംവിധാനം ചെയ്ത ജോൺ എന്ന കഥാചിത്രം.ജോൺ എന്തായിരുന്നു?ജോൺ എന്തിനൊക്കെ വേണ്ടി നിലകൊണ്ടു?വെറും ഒരു അരാജകവാദിയെന്ന് വിമർശകർ അടക്കം പറഞ്ഞ ആളായിരുന്നില്ല ജോൺ.മേൽവിലാസവും നിഴലുമില്ലാത്തവനുമല്ല ജോൺ. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ഹൃദയത്തിലാണ് ജോണിന്റെ മേൽവിലാസം.ജോണിനെ കാണിക്കാതെ ജോൺ ആരായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് പ്രേംചന്ദിന്റെ ജോൺ എന്ന സിനിമ.ദീദി ദാമോദരൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് പാപ്പാത്തി മൂവ്മെന്റ്സിനു വേണ്ടി മുക്ത പ്രേംചന്ദ് നിർമ്മിച്ച ഈ ചിത്രം ജോൺ എബ്രഹാം എന്ന വിഖ്യാത ചലച്ചിത്രകാരന്റെയും മനുഷ്യന്റെയും ജീവിതത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയുള്ള ഒരു ആത്മ സഞ്ചാരമാണ്. കോഴിക്കോട്ടെ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു മരിച്ച ജോണിന്റെ ജീവിതത്തെ വെറുതേ രേഖപ്പെടുത്തുകയല്ല സംവിധായകൻ ചെയ്യുന്നത്.മറിച്ച് ജോൺ ജീവിച്ച ജീവിതങ്ങൾക്കൊപ്പം,തെരുവുകൾക്കൊപ്പം,ആശയങ്ങൾക്കൊപ്പം,സൗഹൃദങ്ങൾക്കൊപ്പം സംവിധായകൻ നടക്കുകയാണ്. അവസാന ദിവസങ്ങളിൽ സുഹൃത്തുക്കൾക്കും നഗരത്തിനുമൊപ്പം ഉണ്ടായിരുന്ന ജോണിലൂടെ ,അതേക്കുറിച്ചുള്ള അന്വേഷണങ്ങളിലൂടെ ഒരു യാത്ര.ജോൺ അച്ഛനോട് ആത്മഗതം നടത്തുന്ന രീതിയിലാണ് അവതരണം.ജോണിന്റെ ശബ്ദം സംവിധായകനിലൂടെ അനുഭവപ്പെടുകയാണ്. ജോൺ ചെയ്ത സിനിമകളും ചെയ്യാനിരുന്ന സിനിമകളും പറയുന്നുണ്ട്. പകലിന്റെയും രാത്രിയുടെയും യാമങ്ങളിൽ സുഖത്തിന്റെയും ദു:ഖത്തിന്റെയും നിമിഷങ്ങളിൽ യാത്ര ചെയ്യുമ്പോഴൊക്കെയും എവിടെയും ജോൺ തന്റെ കൈയ്യൊപ്പ് ചാർത്തിയിരുന്നു.മദ്യപിച്ചു മുഷിഞ്ഞു നാറി വീട്ടിലെത്തിയ സഹോദരനെ ശാസിക്കുമ്പോഴും സ്നേഹത്തോടെ അവനിഷ്ടപ്പെട്ട രുചിയൊരുക്കുന്ന സഹോദരി ശാന്ത.നട്ടപ്പാതിരക്ക് ശല്യപ്പെടുത്താനെത്തുന്നപോലെ വാതിലിൽ മുട്ടുന്ന ജോണിനെ ഹൃദയവാതിൽ തുറന്നു സ്വീകരിക്കുന്ന സുഹൃത്ത് ഹരി.(അമ്മ അറിയാനിലെ നായകൻ).വന്നുപോകുന്ന ആൾക്കൂട്ടങ്ങൾക്കിടയിൽ ഉയർന്നു താഴുന്ന അഭിശപ്ത നിമിഷങ്ങളിലും ജോണിന്റെ സ്നേഹചുംബനം മറക്കാതെ മനസിൽ സൂക്ഷിക്കുന്ന മറിയ...ഇങ്ങനെ ജോണിനെ അടുത്തറിഞ്ഞവരിലൂടെ ജോണിനെ തേടുക മാത്രമല്ല കണ്ടെത്തുക കൂടിയാണ് സംവിധായകൻ പ്രേംചന്ദ്. രാമചന്ദ്രബാബു,എം.ജെ.രാധാകൃഷ്ണൻ,എന്നിവർക്കൊപ്പം ഫൗസിയ ഫാത്തിമ,പ്രതാപ് ജോസഫ്,രാഹുൽ ആകോട്ട് എന്നിങ്ങനെ അഞ്ച് ഛായാഗ്രാഹകർ പല ഷെഡ്യൂളുകളിലായി ചിത്രീകരിച്ച 'ജോണിന് " സംഗീതം ഒരുക്കിയത് ശ്രീവത്സൻ ജെ.മേനോനാണ്.ജോണിന്റെ സുഹൃത്തുക്കളായിരുന്ന ഹരി,രാമചന്ദ്രൻ മൊകേരി,ശോഭീന്ദ്രൻ,ചെലവൂർ വേണു,പ്രകാശ് ബാരെ ,നന്ദകുമാർ തുടങ്ങി സഹോദരി ശാന്ത വരെ ഓരോ സന്ദർഭങ്ങളിലായി കടന്നുവരുന്നുണ്ട് .ജോണിനു പിന്നാലെ ജീവിതത്തിൽ നിന്നു മാഞ്ഞുപോയവർക്കുകൂടിയുളള അഞ്ജലിയാണ് ഒരർത്ഥത്തിൽ ഈ ചിത്രം.മലയാള സിനിമയ്ക്ക് വലിയ പ്രതീക്ഷയുണർത്തുന്ന ഒരു സംവിധായകനെയും ഈ ചിത്രം സമ്മാനിക്കുന്നുണ്ട്. പടിയിറങ്ങുന്നു ഞാൻ , കശേരുക്കളിൽപുകയുകയാണ് ചുണ്ണാമ്പ് പൂവുകൾ ! വിജനമാകുന്നു പാതിരാപ്പാതകൾ , ഒരു തണുത്ത കാറ്റൂതുന്നു, ദാരുണ സ്മരണ പോൽ, ദൂരെ ദേവാലയങ്ങളിൽ മണി മുഴങ്ങുന്നു; എന്നോട് പെട്ടന്നൊരിടി മുഴക്കം വിളിച്ച് ചോദിക്കുന്നു:എവിടെ ജോൺ ?” ( എവിടെ ജോൺ) എവിടെയാണ് ജോൺ.ഇവിടെ നമ്മൾക്കിടയിലുണ്ട്.രാത്രിയുടെ ഏതോ യാമങ്ങളിൽ ഇപ്പോഴും വാതിലിൽ മുട്ടിവിളിക്കുന്നുണ്ട് ജോൺ. ജോണിന് മരണമില്ല. (പ്രേംചന്ദിന്റെ ഫോൺ: 9847052311)