ഒളിവിൽ പോകുന്നതിന് മുൻപ് നിഖിൽ തോമസ് ഫോൺ തോട്ടിൽ ഉപേക്ഷിച്ചു, സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് എറണാകുളത്തെ സ്ഥാപനം വഴി
തിരുവനന്തപുരം : വ്യാജബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം പ്രവേശനം നേടിയ കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐ മുൻനേതാവ് നിഖിൽ തോമസ് ഒളിവിൽ പോകുന്നതിന് മുൻപ് ഫോൺ തോട്ടിൽ ഉപേക്ഷിച്ചതായി പൊലീസ്. റിമാൻഡ് റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
കായംകുളം പാർക്ക് ജംഗ്‌ഷന് സമീപത്തെ കരിപ്പുഴ തോട്ടിലാണ് ഫോൺ ഉപേക്ഷിച്ചത്, എസ്.എഫ്.ഐ കായംകുളം മുൻ ഏരിയാ പ്രസിഡന്റ് അബിൻ സി. രാജ് നടത്തുന്ന എറണാകുളത്തെ ഓറിയോൺ എന്ന സ്ഥാപനം വഴിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. സർട്ടിഫിക്കറ്റിനായി അബിന് പണം നൽകിയത് അബിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
വ്യാജസർട്ടിഫിക്കറ്റിന് പിന്നിൽ അബിൻ സി.രാജാണെന്ന് നിഖിൽ തോമസ് നേരത്തെ മൊഴി നൽകിയിരുന്നു. സർട്ടിഫിക്കറ്റിനായി 2020ൽ അബിൻ രാജിന് 2 ലക്ഷം രൂപ കൈമാറിയെന്നും നിഖിൽ തോമസിന്റെ മൊഴിയിലുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ അബിൻ സി. രാജിനെ കേസിൽ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്,
അതേസമയം നിഖിൽ തോമസിനെ കോടതി ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തെളിവെടുപ്പിനടക്കമായി ഏഴ് ദിവസം കസ്റ്റഡിയിൽ വെയ്ക്കാനാണ് കോടതി അനുവദിച്ചത്. ജൂൺ 27ന് കോടതി നിഖിൽ തോമസിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. ഇതിന് മുന്നോടിയായി 26-ന് പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ ഒളിവിലായിരുന്ന നിഖിലിനെ ഇന്ന് പുലർച്ചെ 12.30ഓടെയാണ് പൊലീസ് പിടികൂടിയത്. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡിൽ വച്ചാണ് നിഖിൽ തോമസിനെ കായംകുളം സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പിടികൂടിയത്.