ചെളിയിൽ ചവിട്ടാതിരിക്കാൻ പോസ്റ്റിൽ പിടിച്ചു: യുവതി ഷാേക്കേറ്റുമരിച്ചു
ന്യൂഡൽഹി: ചെളിയിൽ ചവിട്ടാതിരിക്കാനായി വെൈദ്യുതി പോസ്റ്റിൽ പിടിച്ച യുവതി ഷോക്കേറ്റ് മരിച്ചു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാർ സ്വദേശി സാക്ഷി അഹൂജയാണ് മരിച്ചത്. സ്റ്റേഷനിൽ വെള്ളക്കെട്ടുള്ള ഭാഗത്തെ പോസ്റ്റിൽ നിന്നാണ് സാക്ഷിക്ക് ഷോക്കേറ്റത്.
ഇന്നലെ രാത്രിമുതൽ ഡൽഹിയിൽ ശക്തമായ മഴപെയ്യുന്നുണ്ട്. ഇതേത്തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ടാണ്. പുലർച്ചെ അഞ്ചുമണിയോടെ ഭോപ്പാലിലേക്ക് പോകാനായി സഹോദരിക്കും മൂന്നുകുട്ടികൾക്കുമൊപ്പമാണ് സാക്ഷി സ്റ്റേഷനിലെത്തിയത്. നടന്നുപോകുന്നതിനിടെ ചെളിയിൽ ചവിട്ടാതിരിക്കാൻ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ പിടിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു.സ്ഥലത്തെത്തിയ പൊലീസ് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റിലുണ്ടായിരുന്ന ഇൻസുലേഷൻ ഇല്ലാത്ത വയറാണ് സാക്ഷിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ സഹോദരി പരാതി നൽകിയിട്ടുണ്ട്. അപകടത്തിനിടയാക്കിയ പോസ്റ്റ് പരിശോധിച്ചതിൽ രണ്ട് വയറുകൾ മുറിഞ്ഞനിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതാവാം അപകടത്തിന് വഴിവച്ചതെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് പൊലീസും റെയിൽവേയും അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.