പുലർച്ചെ അഞ്ച് വരെ ക്രൂരപീഡനം,​ ദൃശ്യങ്ങൾ കിരൺ മൊബൈലിൽ പകർത്തി,​ വിവസ്ത്രയായി ഓടിരക്ഷപ്പെട്ട യുവതിക്ക് തുണയായത് അയൽവീട്ടുകാർ

Sunday 25 June 2023 9:20 PM IST

തിരുവനന്തപുരം : തലസ്ഥാനത്ത് യുവതിയെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴക്കൂട്ടത്തെ ഹോട്ടലിൽ മറ്റൊരു സുഹൃത്തുമായി ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ പ്രതി കിരൺ ബലമായി ബൈക്കിൽ കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ച ശേഷം വെട്ടുറോഡിലെ ഗോഡൗണിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

ശനിയാഴ്ച രാത്രി 11 മണിയോടെ കഴക്കൂട്ടത്ത ഒരു ബാർ ഹോട്ടലിൽ സുഹൃത്തുമായി ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന യുവതിയോട് പ്രതിയും യുവതിയുടെ സുഹൃത്തുമായ കിരൺ വഴക്കിട്ടു. തുടർന്ന് യുവതിയെ നിർബന്ധിച്ച് കിരണിന്റെ ബൈക്കിൽ കയറ്റി കഴക്കൂട്ടം റെയിവേ മേൽപ്പാലത്തിന് താഴെ എത്തിച്ച ശേഷം മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ യുവതി ഓടി രക്ഷപ്പെടുന്നതിനിടെ കിരൺ വീണ്ടും യുവതിയെ കടന്ന് പിടിച്ച ശേഷം വീട്ടിലാക്കാമെന്നും ബൈക്കിൽ കയറിയില്ലങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് പറയുകയും ചെയ്തു. തുടർന്ന് കിരൺ യുവതിയുമായി വെട്ടുറോഡ് ചന്തവിളയിലുള്ള കൃഷി ഭവന്റെ ഗോഡൗണിലെ ഷെഡിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. യുവതിയെ മർദ്ദിക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതും കിരൺ മൊബൈലിൽ പകർത്തുകയും ചെയ്തു.

പുലർച്ചെ 5 മണി വരെ ക്രൂരമായ പീഡനത്തിന് ഇരയായ യുവതി വിവസ്ത്രയായി നിലവിളിച്ച് കൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അടുത്ത വീട്ടിൽ താമസിക്കുന്നവരുടെ ശ്രദ്ധയിൽപ്പെടുകയും യുവതിക്ക് വസ്ത്രം നല്കിയ ശേഷം കഴക്കൂട്ടം പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവഷിപ്പിച്ചു. യുവതി ക്രൂരമായ പീഡനത്തിന് ഇരയായതായും ശരീരമാസകലം ഗുരുതര പരിക്കേറ്റതായും കഴക്കൂട്ടം പൊലീസ് പറഞ്ഞു.