സ്വ‌ർണക്കടത്ത് കുടുംബസമേതം,​ തട്ടിക്കൊണ്ടു പോയി കവർച്ച ചെയ്യാൻ ഏഴംഗ സംഘം,​ പിടിയിലായത് പൊലീസിന്റെ ഈ ഒരൊറ്റ നീക്കത്തിൽ

Monday 26 June 2023 8:38 PM IST

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി കുടുംബസമേതം സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനും സ്വർണം കവർച്ച ചെയ്യാനെത്തിയ സംഘവും പൊലീസിന്റെ ബുദ്ധിപരമായ നീക്കത്തിനൊടുവിൽ പിടിയിലായി.

മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് യു,​എ.ഇയിൽ നിന്ന് 67 ലക്ഷം രൂപ വിലമതിക്കുന്ന സ്വ‌ർണവുമായി കരിപ്പൂർ എയർപോർട്ടിലെത്തിയത്. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ മുസ്തഫയെയും കുടുംബത്തെയും തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കാനായിരുന്നു ഏഴംഗ സംഘം എത്തിയത്. എന്നാൽ വിമാനത്താവളത്തിന്റെ ആഗമന ഗേറ്റിൽ സംശയാസ്പദമായ രീതിയിൽ കണ്ട കാഞ്ഞങ്ങാട് സ്വദേശി റഷീദ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കവർച്ചാപദ്ധതിയെക്കുറിച്ച് പൊലീസ് മനസിലാക്കിയത്.

ദുബായിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികളായ സമീർ,​ ഷാക്കിർ,​ കാഞ്ഞങ്ങാട് സ്വദേശി സാദിഖ് എന്നിവരാണ് കാരിയറായ മുസ്തഫയെ കുറിച്ച് റഷീദിനെ അറിയിച്ചത്. റഷീദിനൊപ്പം വയനാട് നിന്നുള്ള അഞ്ചംഗ സംഘവും എയർപോർട്ടിൽ എത്തിയിരുന്നു. സ്വ‌ർണവുമായി പുറത്തിറങ്ങിയ മുസ്തഫയും കവർച്ചാ സംഘത്തിലെ റഷീദും പൊലീസിന്റെ പിടിയിലായതോടെ സംഘം സ്ഥലം വിട്ടു. ഇവരെ വയനാട് വൈത്തിരിയിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. കാസർകോട് സ്വദേശിയെ കാഞ്ഞങ്ങാട് നിന്നും അറസ്റ്റ് ചെയ്തു. സ്വർണവുമായി കുടുംബസമേതം സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി മുസ്തഫയെ വിജനമായ സ്ഥലത്ത് വച്ച് വാഹനം ത‌‌ടഞ്ഞ് തട്ടിക്കൊണ്ടുപോകാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്.