ഹജ്ജ് തീർത്ഥാടകരുടെ അറഫ സംഗമം ഇന്ന്
മക്ക: 'ലബ്ബൈക്കല്ലാഹുമ്മ ലബൈയ്ക്ക് ' മന്ത്രധ്വനികളോടെ തീർത്ഥാടക ലക്ഷങ്ങൾ ഹജ്ജിന്റെ സുപ്രധാന കർമ്മത്തിനായി ഇന്ന് അറഫയിൽ സംഗമിക്കും. മിനാ താഴ്‌വരയിൽ ഒരുദിനം പ്രാർത്ഥനകളാൽ മുഴുകിയ തീർത്ഥാടകർ ഇന്നലെ സൂര്യാസ്തമന ശേഷമാണ് അറഫയിലേക്ക് പുറപ്പെട്ടത്. ഇന്നുച്ചയ്ക്ക് മുമ്പായി മുഴുവൻ തീർത്ഥാടകരും അറഫയിൽ എത്തിച്ചേരും. തൂവെള്ള വസ്ത്രധാരികളായ തീർത്ഥാടകരാൽ അറഫാ മൈതാനം നിറഞ്ഞുകവിയും. പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് സൗദിയിലെ മുതിർന്ന പണ്ഡിത സഭാംഗം ഷെയ്ഖ് ഡോ.യൂസുഫ് ബിൻ മുഹമ്മദ് ബിൻ പ്രഭാഷണം നടത്തും. 18 ലക്ഷം വിദേശ ഹാജിമാരും ആഭ്യന്തര തീർത്ഥാടകരുമടക്കം 20 ലക്ഷത്തിൽപരം പേർ ഹജ്ജിനായി പുണ്യഭൂമിയിൽ എത്തിയിട്ടുണ്ട്. 1,75,025 ഹാജിമാർ ഇന്ത്യയിൽ നിന്നെത്തി. ഇതിൽ 11,252 പേർ കേരളത്തിൽ നിന്നാണ്.
അറഫയിൽ ദിക്രുകളും പ്രാർത്ഥനകളും ഖുർആൻ പാരായണവും നടക്കും. ളുഹർ, അസർ നമസ്കാരങ്ങൾ കൂട്ടമായി നിർവഹിക്കും. ജബലുറഹ്മ മലയിൽ മുഹമ്മദ് നബി നിന്ന സ്ഥലത്തേക്ക് പുരുഷ തീർത്ഥാടകർ കയറും. അസ്തമനശേഷം അറഫയോട് വിട പറഞ്ഞ് മുസ്‌ദലിഫയിലെത്തി തീർത്ഥാടകർ അന്തിയുറങ്ങും. അറഫയ്ക്കും മിനയ്ക്കും ഇടയിലെ ഭൂപ്രദേശമാണ് മുസ്ദലിഫ. ജംറയെ എറിയുവാനുള്ള കല്ലുകൾ ഹാജിമാർ ഇവിടെ നിന്ന് ശേഖരിക്കും. പ്രഭാതം വരെ മുസ്ദലിഫയിൽ പ്രാർത്ഥനകളുമായി തങ്ങും. സുബ്ഹി നമസ്‌കരിച്ച് സൂര്യോദയത്തിന് മുമ്പായി മിനയിലേക്ക് കല്ലെറിയാനായി പുറപ്പെടും. ബലിപ്പെരുന്നാൾ ദിവസം ബലികർമ്മവും മുടി മുറിക്കലും നടക്കും. ജംറയിലെ ആദ്യ കല്ലേറ് കർമ്മം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും. തുടർന്ന് മസ്ജിദുൽ ഹറമിലെത്തി കഅ്ബ പ്രദക്ഷിണത്തിനുശേഷം സഫ, മർവ കുന്നുകൾക്കിടയിൽ പ്രദക്ഷിണം വച്ച് മിനയിലേക്കു മടങ്ങും. അവിടെ മൂന്ന് ദിനം രാപ്പാർത്താണ് ജംറകളിൽ കല്ലേറടക്കമുള്ള ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കുക. ശനിയാഴ്ച വിടവാങ്ങൽ പ്രദക്ഷിണം നിർവഹിച്ച് ഹാജിമാർ മക്കയോട് വിട പറയും.