20 വർഷം സിനിമാ രംഗത്ത് , ഒടുവിൽ സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന്റെ റിലീസിന് മുമ്പേ വിധി ബൈജുവിനെ തട്ടിയെടുത്തു
പറവൂർ: ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് സംവിധായകൻ ബൈജു പറവൂർ (42) അന്തരിച്ചു. സ്വന്തമായി കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച 'സീക്രട്ട്' എന്ന ചിത്രം റിലീസിനൊരുങ്ങവെ ആണ് ബൈജുവിനെ മരണം കൂട്ടിക്കൊണ്ടുപോയത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്ന നിലയിൽ കഴിഞ്ഞ 20 വർഷമായി സിനിമാ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. 45ഓളം ചിത്രങ്ങളുടെ ഭാഗമായി. ധന്യം, മൈഥിലി, കൈതോലച്ചാത്തൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു.
ഒരു സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട് പോയി മടങ്ങിവരും വഴി ഭക്ഷ്യവിഷബാധയേറ്റതാണ് മരണകാരണമെന്ന് ബൈജുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം അദ്ദേഹത്തിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഉടൻ തന്നെ കുന്നംകുളത്ത് ഭാര്യവീട്ടിൽ കയറി സമീപത്തെ ഡോക്ടറെ കണ്ട ശേഷം പറവൂരിലെ വീട്ടിലെത്തി. ആരോഗ്യനില വഷളായതിനാൽ കുഴുപ്പിള്ളിയിലും തുടർന്ന് കൊച്ചിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. സംസ്കാരം കഴിഞ്ഞു.
നന്തികുളങ്ങര കൊയ്പ്പാമഠത്തിൽ ശശി - സുമതി ദമ്പതികളുടെ മകനാണ്. ഭാര്യ - ചിത്ര. മക്കൾ - ആരാധ്യ, ആരവ്.