ബുക്ക് റിലീസ്
ടിഷ്യു പേപ്പർ
ബി .ഷിഹാബ്
പ്രതീകാത്മകമായ ചെറു കവിതകളുടെ സമാഹാരമാണ് ബി. ഷിഹാബിന്റെ ടിഷ്യു പേപ്പർ. സമൂഹത്തിലെ എല്ലാ അസമത്വങ്ങളോടും അനീതികളോടുമുള്ള കടുത്ത പ്രതികരണവും പ്രതിഷേധവുമാണ് ഓരോ കവിതയിലെയും വരികളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നാം വലിച്ചെറിയുന്ന എല്ലാ സൗന്ദര്യങ്ങളുടേയും പ്രതീകമായി ടിഷ്യു പേപ്പർ നിലകൊള്ളുന്നു. വളരെ ലളിതവും രാകി മൂർച്ച കൂട്ടിയ വാക്കുകളുമാണ് ഓരോ കവിതയിലും കവി പ്രയോഗിച്ചിരിക്കുന്നത്.
പ്രസാധകർ : ചിന്ത പബ്ളിഷേഴ്സ്
വെയിലിൽ
നനഞ്ഞും മഴയിൽ പൊള്ളിയും
ഇർഷാദ്
''ഹംസക്കയുടെ വീട്ടിലെ ഫോൺ റിംഗ് ചെയ്യുമ്പോൾ മൈമൂനത്ത
'ഇച്ചാലീ" എന്നു നീട്ടുവിളിക്കും. കേൾക്കാൻ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന വിളിയാണത്. സിനിമയുടെ വിളി. ആ വിളി കേൾക്കുന്നുണ്ടോ എന്നു കാതോർത്തിരുന്നത് എത്രയെത്ര ദിവസങ്ങളിലാണ്."" ഇർഷാദ് എഴുതുന്നു. വെയിലിൽ നനഞ്ഞു മഴയിൽ പൊള്ളിയും ജീവിച്ച കാലത്തിന്റെ കഥകൾ. മോഹവസ്തുവിനെ ചുറ്റിക്കിടക്കുന്ന ഓർമ്മകളുടെ പുസ്തകം.
പ്രസാധകർ : ഒലിവ് ബുക്സ്
കളിക്കാഴ്ചകളുടെ മരുപ്പച്ചകൾ ലോകകപ്പിലെ അറബിക്കഥകൾ
ടി. സാലിം
ലോകകപ്പിൽ പലതും കൊണ്ടും ചരിത്രപ്രാധാന്യം നേടിയ അറബ് സാന്നിദ്ധ്യങ്ങളിലൂടെ വായനക്കാരനെ കൈപിടിച്ചുകൊണ്ടുപോകുന്നു. ഫുട്ബാളിൽ അറബ് ലോകത്തിന്റെ അന്തസുയർത്തിയ ടീമുകൾ മാത്രമല്ല, സുവർണ താരങ്ങളും മിഴിവാർന്നു നിൽക്കുന്നു ഈ രചനകളിൽ.തിരിഞ്ഞു നോക്കുമ്പോൾ സത്യമോ മിഥ്യയോ എന്ന് വേർതിരിച്ചറിയാൻ പോലും പ്രയാസം തോന്നിയേക്കാവുന്ന ഒരു കാലത്തിന്റെ തിരുശേഷിപ്പുകൾ. ഫുട്ബാൾ പ്രേമികൾക്ക് മാത്രമല്ല, ചരിത്രാന്വേഷകർക്കും പ്രയോജനപ്രദമായ പുസ്തകമായി മാറുന്നു ലോകകപ്പിലെ അറബിക്കഥകൾ.
പ്രസാധകർ: ഒലിവ് ബുക്സ്