സ്നേഹമുണ്ടെങ്കിൽ പറഞ്ഞു കൊടുക്കാം
ഉദ്ദേശിച്ച കാര്യങ്ങൾ താൻ ആഗ്രഹിച്ച രീതിയിൽ തനിക്കേറ്റവും പ്രിയപ്പെട്ടവനോ പ്രിയപ്പെട്ടവളോ ചെയ്തില്ല എന്ന വിരോധം ഉള്ളിൽ നിറച്ച് ഉറ്റവരിൽ നിന്നും ഒറ്റപ്പെട്ടു കഴിയുന്ന നമുക്ക് പ്രിയപ്പെട്ട ആരെയെങ്കിലും ഓർമ്മ വരുന്നുണ്ടോ? എങ്കിൽ ആ ചങ്ങാതിയോട് നമുക്കൊരു ചെറിയ ചോദ്യം ചോദിച്ചു നോക്കാം. വിരോധ കാരണമായി അദ്ദേഹം കൊണ്ടു നടക്കുന്ന കാര്യങ്ങൾ അദ്ദേഹം ഉദ്ദേശിച്ചിരുന്ന രീതിയിൽ തന്നെ ചെയ്യണം എന്ന് തന്റെ പ്രിയപ്പെട്ടവരോട് മുൻകൂട്ടി പറഞ്ഞിരുന്നോ?, 'ഇല്ല, അതിന്റെ ആവശ്യമില്ല. അതൊന്നും ഞാൻ പറയേണ്ട കാര്യമില്ല. അവർക്കതൊക്കെ അറിയാമായിരുന്നു." ഇതായിരിക്കും അദ്ദേഹത്തിന്റെയൊരു ശരാശരി മറുപടി. ഇനി നമുക്കെത്ര പ്രിയപ്പെട്ട വ്യക്തിയെന്നു നാം കരുതിയാലും നമുക്കിഷ്ടമായ രീതിയിൽ തന്നെ അയാൾ മുന്നോട്ടുപോകണം എന്നു നാം നിബന്ധനകൾ വച്ചാൽ, അയാളുടെ ആഗ്രഹങ്ങളും അവയുടെ സഫലീകരണവും എങ്ങോട്ട് പോകും? അപ്പോൾ, ഇത്തരം വിരോധങ്ങളിൽ വല്ല കഴമ്പുമുണ്ടോ? നമുക്ക് സ്നേഹമുണ്ടെങ്കിൽ കാര്യങ്ങൾ പറഞ്ഞുകൊടുക്കാം. പഠിപ്പിക്കേണ്ട. അവ, ആവശ്യമെങ്കിൽ ഓർമ്മിപ്പിക്കാം. നിർബന്ധിക്കേണ്ട. പിന്നെ, ഇത്തരം കാര്യങ്ങളൊക്കെ നമ്മുടെ സുഹൃത്തുക്കൾക്ക് മാത്രമല്ല ബാധകമാവുന്നത്, സ്വന്തം മനസിനുനേരെ ഒരു കണ്ണാടി പിടിച്ചാൽ, നമുക്കും നന്നാവാം.
(സംസ്ഥാന ഭിന്നശേഷി കമ്മിഷണറാണ് പഞ്ചാപകേശൻ