ടൈറ്റൻ യാത്രികരുടെ ശരീരഭാഗങ്ങൾ കണ്ടെത്തി
വാഷിംഗ്ടൺ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ വച്ച് തകർന്ന ടൈറ്റൻ സമുദ്ര പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. കരയ്ക്കെത്തിച്ച ടൈറ്റന്റെ അവശിഷ്ടങ്ങൾക്കൊപ്പം യാത്രികരുടെ ശരീരഭാഗങ്ങളുമുണ്ടെന്ന് യു.എസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇവ യു.എസിൽ നിന്നുള്ള മെഡിക്കൽ സംഘം പരിശോധിക്കും.
ടൈറ്റന്റെ നോസ് കോൺ, ലൈൻഡിംഗ് ഫ്രെയിം, സൈഡ് പാനലും അതിനോട് ചേർന്നുള്ള ഉപകരണങ്ങളും മറ്റുമാണ് വീണ്ടെടുത്തത്. ഇവ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോൺസ് തീരത്തെത്തിച്ചിരുന്നു. കനേഡിയൻ കപ്പലായ ഹോറിസൺ ആർട്ടികും അത് നിയന്ത്രിച്ചിരുന്ന ഒഡീസിയസ് 6കെ എന്ന ആളില്ലാ ചെറു സമുദ്രവാഹനവും (ആർ.ഒ.വി) ചേർന്നാണ് അവശിഷ്ടങ്ങൾ വീണ്ടെടുക്കാനുള്ള ദൗത്യം പൂർത്തിയാക്കിയത്.
ഈ മാസം 18നാണ് കാനഡയിലെ ന്യൂഫൗണ്ട്‌ലൻഡ് തീരത്ത് നിന്ന് 600 കിലോമീറ്റർ അകലെ ടൈറ്റനെ കാണാതായത്. 22ന് സമുദ്രത്തിനടിയിൽ രണ്ട് മൈൽ ആഴത്തിൽ ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മർദ്ദം താങ്ങാതെ പേടകം ഉൾവലിഞ്ഞു പൊട്ടിയെന്നാണ് നിഗമനം. ടൈറ്റന്റെ വീണ്ടെടുത്ത ഭാഗങ്ങളിൽ പരിശോധന നടത്തിയാലേ ഇത് സ്ഥിരീകരിക്കാനാകൂ.
ടൈറ്റന്റെ ഉടമസ്ഥരായ ഓഷൻ ഗേറ്റ് കമ്പനിയുടെ സി.ഇ.ഒ സ്റ്റോക്‌ടൺ റഷ്, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹർഡിംഗ്, ബ്രിട്ടീഷ് - പാകിസ്ഥാനി കോടീശ്വരൻ ഷെഹ്‌സാദാ ദാവൂദ്, മകൻ സുലേമാൻ, ഫ്രഞ്ച് പര്യവേഷകൻ പോൾ ഹെൻറി നാർജിയോലെറ്റ് എന്നിവരാണ് ടൈറ്റനിലുണ്ടായിരുന്നത്.