മാദ്ധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം, പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി കസ്റ്റഡിയിൽ, പാർട്ടി ചുമതലപ്പെടുത്തിയിരുന്നത് മഅ്ദനിയുടെ ആരോഗ്യവിവരങ്ങൾ അറിയിക്കാൻ
കൊച്ചി: മാദ്ധ്യമപ്രവർത്തകയ്ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ച പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കെതിരെ അശ്ലീലച്ചുവയുള്ള സംസാരം, ഓൺലൈൻ വഴിയുളള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. അർദ്ധരാത്രിയിലും പുലർച്ചെയുമായി നിരന്തരം സന്ദേശങ്ങൾ ലഭിച്ചതോടെയാണ് മാദ്ധ്യമപ്രവർത്തക പൊലീസിൽ പരാതി നൽകിയത്.
ആശുപത്രിയിൽ കഴിയുന്ന പി ഡി പി ചെയർമാൻ മഅ്ദനിയുടെ ആരോഗ്യനില മാദ്ധ്യമങ്ങളെ അറിയിക്കാൻ ചുമതലപ്പെടുത്തിയിരുന്നത് നിസാർ മേത്തറെയാണ്. മഅ്ദനിയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയാൻ നിസാറുമായി മാദ്ധ്യമപ്രവർത്തക ബന്ധപ്പെട്ടു. ഇതിന് പിന്നാലെയാണ് അശ്ലീല സന്ദേശങ്ങൾ അയച്ചുതുടങ്ങിയത്. മാദ്ധ്യമപ്രവർത്തക താക്കീത് നൽകിയെങ്കിലും സന്ദേശങ്ങൾ അയയ്ക്കുന്നത് തുടർന്നു. ഇതോടെയാണ് പരാതി നൽകിയത്. നിസാർ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ജാമ്യത്തിൽ ഇളവുനേടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മഅ്ദനിക്ക് കൊല്ലം അൻവാർശേരിയിലേക്കുള്ള യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.