പ്ളസ് വൺ പ്രവേശനവും അധിക ബാച്ചും
പ്ളസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. മലബാർ മേഖലയിൽ പ്ളസ് വൺ സീറ്റുകൾ കുറവായതിനാൽ പ്രവേശനം പ്രതിസന്ധിയിലാണ്. ഉപരിപഠന യോഗ്യത നേടിയവരുടെ എണ്ണത്തിനനുസരിച്ച് പാലക്കാട് മുതൽ കാസർകോട് വരെ ആറു വടക്കൻ ജില്ലകളിൽ വേണ്ടത്ര പ്ളസ് വൺ സീറ്റുകൾ നിലവിലില്ല. ഏറ്റവും കുറവ് സീറ്റുകൾ മലപ്പുറത്താണ്. അവിടെ എസ്.എസ്.എൽ.സി ജയിക്കുന്നവരുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് വളരെ കൂടുതലുമാണ്. എന്നാൽ തെക്കൻ ജില്ലകളിൽ ഇങ്ങനെയൊരു പ്രതിസന്ധിയില്ലെന്നു മാത്രമല്ല പ്ളസ് വൺ സീറ്റുകൾ അധികവുമാണ്. കഴിഞ്ഞ വർഷം പ്ളസ് വണിൽ വേണ്ടത്ര വിദ്യാർത്ഥികൾ ഇല്ലാതിരുന്ന തെക്കൻ ജില്ലകളിലെ 14 ബാച്ചുകൾ ഇക്കുറി ആദ്യമേ തന്നെ മലപ്പുറത്തേക്ക് മാറ്റിയ ശേഷമാണ് അലോട്ട്‌മെന്റ് നടപടികൾ തുടങ്ങിയത്. ഇതിന് പുറമെ മലബാർ ജില്ലകളിൽ കഴിഞ്ഞ വർഷം അനുവദിച്ച 81 താത്‌കാലിക ബാച്ചുകളും അധിക സീറ്റുകളും നിലനിറുത്തുകയും ചെയ്തു.
പ്ളസ് വൺ പ്രവേശനത്തിൽ വർഷങ്ങളായി തുടരുന്നതാണ് ഈ പ്രതിസന്ധി. പ്രശ്നം ശാശ്വതമായി പരിഹരിക്കാനാവശ്യമായ നടപടികൾ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് ദൗർഭാഗ്യകരമാണ്. ഇത് പരിഹരിക്കാൻ തെക്കൻ ജില്ലകളിലെ സ്‌കൂളുകളിൽ കഴിഞ്ഞ മൂന്ന് വർഷമായി വേണ്ടത്ര വിദ്യാർത്ഥികളില്ലാത്ത നൂറ്റമ്പതോളം ബാച്ചുകൾ സീറ്റ് ക്ഷാമമുള്ള ജില്ലകളിലേക്ക് മാറ്റി പുനഃക്രമീകരിക്കണമെന്ന് സർക്കാർ നിയോഗിച്ച സമിതി ശുപാർശ നല്‌കിയിരുന്നതാണ്.. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്കപ്പെടേണ്ടതില്ലെന്നും പ്രശ്നങ്ങളുള്ള മേഖലകളിൽ താത്‌കാലികമായി അധിക ബാച്ചുകൾ അനുവദിച്ച് പ്രശ്നം പരിഹരിക്കുമെന്നുമാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരിക്കുന്നത്. മൂന്നാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞതിന് ശേഷമേ ചിത്രം വ്യക്തമാകൂ. നിലവിൽ രണ്ട് അലോട്ട്‌മെന്റുകളിലായി 2,22,377 പേർ പ്രവേശനം നേടിക്കഴിഞ്ഞു. മൂന്നാം അലോട്ട്‌മെന്റിൽ 84,794 സീറ്റുകളിൽ കൂടി പ്രവേശനമുണ്ടാകും. 3,841 സീറ്റുകൾ സ്പോർട്സ് ക്വാട്ടയിൽ ബാക്കിയുണ്ടാകും. മൂന്ന് അലോട്ട്‌മെന്റുകളും കഴിയുമ്പോൾ 3,11,012 പേർ പ്രവേശനം നേടുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ എയ്‌ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിൽ 23,914 സീറ്റുകളും മാനേജ്‌മെന്റ് ക്വാട്ടയിൽ 37,995 സീറ്റുകളും അൺ എയ്‌ഡഡ് ക്വാട്ടയിൽ 54,585 സീറ്റുകളുമുണ്ട്. ഇതെല്ലാം കൂടി കണക്കാക്കുമ്പോൾ 4,27,506 സീറ്റുകൾ വരും. ഈ വർഷം ആകെ എസ്.എസ്.എൽ.സി ജയിച്ചവർ 4,17,944 പേരാണ്. അതിനാൽ എല്ലാവർക്കും പ്രവേശനം ലഭിച്ചതിനുശേഷവും സീറ്റുകൾ ഒഴിവു വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നത്.
സീറ്റ് ക്ഷാമം മാത്രമല്ല ഇഷ്ടപ്പെട്ട സ്‌കൂളുകളിൽ ഇഷ്ടപ്പെട്ട സ്‌ട്രീമിൽ പ്രവേശനം ലഭിക്കുക എന്നതിനാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയവരുടെ എണ്ണം ഇത്തവണ കാൽലക്ഷത്തോളം കൂടുതലാണ്. ഇത് വരുംവർഷങ്ങളിൽ കൂടാനാണ് സാദ്ധ്യത. അതിനാൽ ഗ്രേഡ് ഒഴിവാക്കി മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടപ്പാക്കുന്നതാവും കൂടുതൽ ഉചിതം. താത്‌കാലിക ബാച്ചുകൾ അനുവദിച്ച് പ്രശ്നം പരിഹരിക്കുന്നതിന് പകരം സ്ഥിരം ബാച്ചുകൾ അനുവദിക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കേണ്ടതാണ്.