ക്രാഷായി വാട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റയും: ഫോട്ടോകൾ കാണാനും ഷെയർ ചെയ്യാനും സാധിക്കുന്നില്ല
ന്യൂഡൽഹി: ലോകത്തിൽ ചിലയിടങ്ങളിലുള്ള വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപഭോക്താക്കൾക്ക് ഈ ആപ്പുകൾ ഉപയോഗിക്കാൻ തടസം നേരിടുന്നു. ലോകത്തിന്റെ പല ഭാഗത്തുമായി ഈ മൂന്ന് ആപ്പുകളും ക്രാഷായിരിക്കുന്നതായാണ് പരാതി. ഫേസ്ബുക്കിന്റെ ആപ്പുകൾ വഴി ഫോട്ടോ ഡൗൺലോഡ് ചെയ്യാനോ ഷെയർ ചെയ്യാനോ വോയിസ് മെസേജുകൾ അയക്കാനോ സാധിക്കുന്നില്ല.
വാട്സ്ആപ്പിലാകട്ടെ ഫോട്ടോകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്നും, അത് റീസെന്റ് ചെയ്യാൻ ആവശ്യപ്പെടണമെന്നുമുള്ള നിർദ്ദേശമാണ് ലഭിക്കുന്നത്. ഇൻസ്റ്റാഗ്രാം ന്യൂസ് ഫീഡിലും പ്രശ്നമുള്ളതായി യൂസേഴ്സ് പരാതി പറയുന്നു.
പ്രധാനമായും വാട്സ്ആപ്പിന്റെയും, ഫേസ്ബുക്കിന്റെയും, ഇൻസ്റ്റാഗ്രാമിന്റെയും ഫോട്ടോ ഷെയറിങ് ഫീച്ചറുകൾക്ക് കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ. ഈ ആപ്പുകളിലുള്ള മറ്റ് ഫീച്ചറുകൾ(ടെക്സ്റ്റ് മെസേജ്, ഡാറ്റ കാൾ) ഇപ്പോഴും ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്.
ഇതാണ് ഫോട്ടോ ഷെയറിങ് ഫീച്ചറിനാണ് തകരാറ് സംഭവിച്ചിട്ടുള്ളതെന്ന നിഗമനത്തിൽ ഏത്താൻ കാരണം. യുസേഴ്‌സിന് ഈ അപ്പുകളിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളും കാണാൻ സാധിക്കുന്നില്ല. മൂന്ന് ആപ്പുകളും ഫേസ്‍ബുക്കിന്റെ ഉടമസ്ഥതയിൽ ഉള്ളവയാണ്.
ഇങ്ങനെയൊരു പ്രശ്നം നേരിടാനുള്ള കാരണം എന്താണെന്ന് ഇനിയും കൃത്യമായി മനസിലാക്കാൻ സാധിച്ചിട്ടില്ല. ചില യുസേഴ്‌സിന് മൂന്ന് ആപ്പുകളിൽ പ്രശ്നം നേരിട്ടപ്പോൾ മറ്റ് ചിലർക്ക് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും മാത്രമേ പ്രശ്നം ഉണ്ടായുള്ളൂ.
യു.കെയിലാണ് ഈ പ്രശ്നം ഏറ്റവും രൂക്ഷമായി കാണപ്പെടുന്നത്. ഇവിടങ്ങളിൽ ഉള്ളവർക്ക് മൂന്ന് ആപ്പുകളും ഉപയോഗിക്കാൻ സാധിക്കുന്നില്ല. യൂറോപ്പിലും, അമേരിക്കയിലും, ജപ്പാനിലും തെക്കേ അമേരിക്കയിലും ഈ പ്രശ്നം യൂസേഴ്സ് നേരിടുന്നുണ്ട്. ഇന്ത്യയിൽ പ്രശ്‌നം ഭാഗികമാണ്. 2018 മാർച്ചിലും ഇത്തരത്തിൽ ലോകത്തിൽ പലയിടത്തും ഈ ആപ്പുകളും ഗൂഗിളിന്റെ യൂട്യൂബ്, ജി മെയിൽ, നെസ്റ്റ്, സ്നാപ്ചാറ്റ് എന്നീ അപ്പുകൾക്കും ഉപയോഗത്തിന് തടസം നേരിട്ടിരുന്നു. ഈ തടസം ഏതാണ്ട് 12 മണിക്കൂർ വരെ നീണ്ട് നിൽക്കുകയും ചെയ്തിരുന്നു.