സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ ഒരുങ്ങി ദളപതി വിജയ്; ലക്ഷ്യം 2026ലെ നിയമസഭ തിരഞ്ഞെടുപ്പോ?
ചെന്നെെ: തമിഴ് നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതായി റിപ്പോർട്ട്. 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതെന്നാണ് വിവരം. നടൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷമായിരിക്കും താരം ഇടവേളയെടുക്കുന്നത്. 2024 ദീപാവലി റിലീസ് ആയാണ് വെങ്കട്ട് പ്രഭു ചിത്രം പുറത്തിറങ്ങുക.
നിരവധി ആരാധകരാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ ഇക്കാര്യം പങ്കുവയ്ക്കുന്നത്. 2024 ജനുവരിയോടെ വെങ്കട്ട് പ്രഭു ചിത്രം പൂർത്തിയാക്കിയ ശേഷം ഇടവേളയെടുത്ത് രാഷ്ട്രീയത്തിൽ ഇറങ്ങാനാണ് അദ്ദേഹം ആഗ്രഹിക്കുന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മൂന്ന് വർഷം മുതൽ നാല് വർഷം വരെ ഇടവേളയെടുക്കാൻ സാദ്ധ്യതയുണ്ട്.
അടുത്തിടെയായി വിജയ് രാഷ്ട്രീയത്തിലേയ്ക്ക് വരുമോ എന്ന കാര്യത്തിൽ വലിയ ചർച്ചയാണ് നടക്കുന്നത്. സമീപകാലത്തെ താരത്തിന്റെ പരിപാടികളാണ് ഇങ്ങനെ ഒരു ചർച്ചയ്ക്ക് വഴിയെരുക്കിയത്. തുടർന്ന് പ്രമുഖ പാർട്ടി നേതാക്കൾ അടക്കം വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരിച്ചിരുന്നു. സംഭവത്തിൽ വി സി കെ നേതാവ് തിരുമാവളവൻ നടന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിർത്ത് പരസ്യമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിജയ് മക്കൾ ഇയക്കത്തിൽ നിന്നോ താരത്തിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.