ഷാരൂഖ് ഖാന് അമേരിക്കയിൽ ശസ്ത്രക്രിയ; പരിക്കേറ്റത് സിനിമാ ഷൂട്ടിംഗിനിടെ

Tuesday 04 July 2023 2:38 PM IST

മുംബയ്: സിനിമാ ഷൂട്ടിംഗിനിടെ ബോളിവുഡ് നടൻ ഷാരൂഖ് ഖാന് പരിക്ക്. യു എസിലെ ലോസ് ഏഞ്ചൽസിൽ നടന്ന ചിത്രീകരണത്തിനിടെയാണ് ഷാരൂഖ് ഖാന് പരിക്കേറ്റത്. മൂക്കിന് പരിക്കേറ്റതായും രക്തസ്രാവമുണ്ടായതായുമാണ് റിപ്പോർട്ട്.

സംഭവത്തെ തുടർന്ന് അദ്ദേഹത്തെ യു എസിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ചികിത്സയ്ക്ക് ശേഷം മുംബയിൽ തിരിച്ചെത്തി താരം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.

മുൻപും ഷൂട്ടിംഗിനിടെ ഷാരൂഖിന് പരിക്കേറ്റിട്ടുണ്ട്. 'ഫാൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കാൽമുട്ടിന് പരിക്കേറ്റിരുന്നു. ഈ വിവരം താരം തന്നെയാണ് ആരാധകരെ അന്ന് അറിയിച്ചത്.

അതേസമയം, 'ജവാൻ' ആണ് ഷാരൂഖിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. സെപ്തംബർ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. വിജയ് സേതുപതി വില്ലനായി എത്തുന്നുണ്ട്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ തിരിച്ചെത്തിയ ഷാരൂഖ് 'പഠാൻ' എന്ന ഹിറ്റ് ചിത്രത്തിലൂടെ തന്റെ തിരിച്ച് വരവ് അറിയിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 1000 കോടിയിലേറെയാണ് പഠാന്‍ നേടിയത്.

Advertisement
Advertisement