മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി, കൈയ്ക്ക് ചതവുണ്ടെന്ന് വിവരം

Tuesday 04 July 2023 5:18 PM IST

കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ പൊലീസ് മർദ്ദിച്ചതായി പരാതി. മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനാണ് പൊലീസിന്റെ മർദ്ദനമേറ്റത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്തായിരുന്നു സംഭവം.

ചോമ്പാലയിൽ നിന്ന് പരപ്പനങ്ങാടി ഭാഗത്തേയ്ക്ക് പോവുകയായിരുന്നു മന്ത്രിയുടെ വാഹനവും സാദിഫിന്റെ ലോറിയും. സാദിഫ് ലോറി ഓടിക്കുകയായിരുന്നു. ഇതിനിടെ മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് അകമ്പടി പോയ പൊലീസുകാർ യുവാവിനെ മർദ്ദിക്കുകയായിരുന്നു.

പിന്നാലെ സാദിഫിനെ പൊലീസ് മർദ്ദിച്ചതിൽ ക്ഷുഭിതരായ നാട്ടുകാർ പിന്നീട് അതുവഴി പോയ മന്ത്രിയെ തടഞ്ഞുവച്ച് പ്രതിഷേധിച്ചു. സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ കൈക്ക് പരിക്കുണ്ട്. ചതവുണ്ടെന്നാണ് വിവരം. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കോഴിക്കോട് ടൗൺ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.