ആഗ്രഹസാഫല്യത്തിന് ആടിനെ ബലി നൽകി, അതേ ആട്ടിൻകറിയിലെ കണ്ണ് തൊണ്ടയിൽ കുടുങ്ങി 50കാരന് ദാരുണാന്ത്യം
Tuesday 04 July 2023 7:11 PM IST
സുരാജ്‌പൂർ (ഛത്തീസ്ഗഡ്): ആഗ്രഹം സഫലമായതിന് വഴിപാടായി ആടിനെ ബലികഴിപ്പിച്ചയാൾക്ക് അതേ ആടിന്റെ കണ്ണ് തൊണ്ടയിൽ കുടുങ്ങി ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ സുരാജ്‌പൂർ ജില്ലയിലെ ബഗർ സായി എന്ന അൻപത്‌കാരനാണ് ഇത്തരത്തിൽ മരണം സംഭവിച്ചത്. മദൻപൂർ എന്ന ഗ്രാമത്തിലെ ക്ഷേത്രത്തിൽ ഞായറാഴ്‌ച ആഗ്രഹസാഫല്യത്തിന് പകരമായി ബഗർ സായിയും മറ്റ് സ്ഥലവാസികളുമെത്തി ആടിനെ ബലികഴിച്ചു. പൂജകൾക്കും മറ്റും ശേഷമായിരുന്നു ചടങ്ങ്.
ബലിനൽകിയ ആടിനെ പിന്നീട് അവിടെവച്ചുതന്നെ പാചകം ചെയ്‌ത് വിളമ്പി. ആടിന്റെ കണ്ണ് കറിയിൽ നിന്നും തിരഞ്ഞെടുത്ത് കഴിക്കവെ ഇത് ബഗർ സായിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ ഇയാളെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.