പൃഥ്വിരാജും പ്രഭാസും നേർക്കുനേർ? ആരാധകർ കാത്തിരുന്ന 'സലാ‌റി'ന്റെ ടീസർ പുറത്ത്

Thursday 06 July 2023 7:33 AM IST

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പ്രഭാസ് നായകനായ 'സലാർ' എന്ന ചിത്രത്തിന്റെ ടീസർ ഇന്ന് പുലർച്ചെ 5.12ന് ഹോംബാലെ ഫിലിംസ് പുറത്തിറക്കി. നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നായ "സലാർ" കെ ജി എഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്.

കെജിഎഫ് പോലെ ഒരു മാസ് ആക്ഷന്‍ പടമാണ് 'സലാർ' എന്ന സൂചനയാണ് ചിത്രത്തിന്റെ ടീസര്‍ നല്‍കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര് എന്നത് നേരത്തെ പുറത്തുവന്നിരുന്നു.

കെജിഎഫ് 2, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ 2022 വർഷം കീഴടക്കിയ ശേഷം, ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ അടുത്ത വലിയ പ്രോജക്റ്റാണ് 'സലാർ'.

ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്റേത് തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്‍രൂര്‍, ഈ വര്‍ഷം സെപ്‌തംബര്‍ 28ന് ആണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.