'സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ബെസ്റ്റ് ഗേൾഫ്രണ്ട്'; പ്രസംഗം വിവാദം, കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്

Thursday 06 July 2023 11:01 AM IST

കണ്ണൂർ: സ്വർണക്കട‌ത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട് ആണെന്ന വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. എ ഐ സി സി സെക്രട്ടറി വിശ്വനാഥൻ പെരുമാളിനെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് ആസ്ഥാനത്തേയ്ക്ക് ഡി സി സി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വിവാദ പരാമർശം.

സി പി എം പ്രവർത്തകൻ പി കെ ബിജുവാണ് പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകിയത്. പരാമർശം മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതും കലാപം ഇളക്കിവിടൻ ഉദ്ദേശിച്ചുള്ളതുമാണ് എന്നാണ് പരാതിയിൽ പറയുന്നത്. ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി എന്നിവർക്കെതിരെയും പരാതിയുണ്ട്.

'പിണറായി സർ, താങ്കളുടെ കേരളത്തിലെ ബെസ്റ്റ് ഗേൾഫ്രണ്ടായ സ്വപ്‌ന സുരേഷിന് എങ്ങനെയുണ്ട്? മുഖ്യമന്ത്രിയ്ക്കും കാബിനറ്റിലുള്ളവർക്കും ഇല്ലാത്തവർക്കും എതിരെയായി തുടർച്ചയായി വെളിപ്പെടുത്തലുകൾ നടത്തുകയാണ്. ലൈംഗികപീഡന ആരോപണം വരെയുണ്ടായി. ടൺ കണക്കിന് സ്വർണം കടത്തിയത് പിണറായിയുടെ ഉത്തരവാദിത്തത്തിലാണ്. ഇ ഡിയും സി ബി ഐയും ഇൻകം ടാക്‌സുമൊക്കെ എവിടെ?

1996ൽ 400 കോടിയുടെ അഴിമതി നടന്ന ലാവ്‌ലിൻ കേസ് ഇപ്പോഴും നടക്കുന്നുണ്ട്. കേസിൽ പിണറായി വിജയനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചോ? ഇല്ല, ചെയ്യില്ല. പിണറായി- അമിത് ഷാ കൂട്ടുകെട്ടാണ് അതിന് കാരണം. എ ഐ ക്യാമറ, കെ റെയിൽ അഴിമതിയ്ക്ക് പിറകിലും മറ്റാരുമല്ല. ഇത് നിങ്ങളുടെ പണമല്ല, നിങ്ങളുടെ അച്ഛന്റെയോ അമ്മയുടെയോ പണമല്ല. ജനങ്ങളുടെ പണമാണ് നിങ്ങൾ കവർന്നത്.

പിണറായി വിജയനെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ചെയ്യേണ്ടത്. കമ്മ്യൂണിസ്റ്റുകളല്ല നമ്മുടെ എതിരാളി. ആദ്യ എതിരാളി പിണറായി വിജയനാണ്. വിഡ്ഢിയായ, പക്വതയില്ലാത്ത നരേന്ദ്ര മോദിയാണ് രണ്ടാമത്തെ എതിരാളി'- പ്രസംഗത്തിൽ വിശ്വനാഥൻ പെരുമാൾ പറഞ്ഞു.