സാമൂഹ്യ പ്രതിബദ്ധതയുള്ള ത്രില്ലർ; 'എവിടെ' റിവ്യൂ

Thursday 04 July 2019 4:14 PM IST

ടി.വി സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയം നേടിയ സംവിധായകനാണ് കെ. കെ. രാജീവ്. മിനിസ്ക്രീനിൽ നിരവധി സീരിയലുകൾ ചെയ്‌ത രാജീവിന്റെ ബിഗ് സ്ക്രീനിലേക്കുള്ള ഏഴ് വർഷത്തിനുശേഷമുള്ള തിരിച്ചുവരവാണ് 'എവിടെ'. ആശാ ശരത്, മനോജ് കെ. ജയൻ, ഷെബിൻ ബെൻസൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് 'എവിടെ' അണിയിച്ചൊരുക്കിയിരിക്കുന്നത്. കെ.കെ. രാജീവ് സംവിധാനം നിർവഹിച്ച അവിചാരിതം, ആഗ്നേയം, ഈശ്വരൻ സാക്ഷിയായി തുടങ്ങിയ പരമ്പരകളുടെ തിരക്കഥ നിർവഹിച്ച, ഹിറ്റ് സിനിമകളുടെ അണിയറക്കാരായ ബോബി-സഞ്ജയ് സഹോദരങ്ങളാണ് സസ്പെൻസ് ത്രില്ലറായ 'എവിടെ'യുടെ തിരക്കഥ തായ്യാറാക്കിയിരിക്കുന്നത്. ത്രില്ലറിന് പുറമേ ലഹരിയുടെ ആപത്തുകളെ പറ്റിയും ശക്തമായി ചിത്രം വരച്ച് കാട്ടുന്നുണ്ട്.

സക്കറിയയുടെ തിരോധാനം

ഗായകനായ സിംഫണി സക്കറിയ വീട്ടിൽ പലപ്പോഴും ഉണ്ടാകാറില്ല. പരിപാടികൾ അവതരിപ്പിക്കാനും മറ്റുമായി പോകും. എന്നാൽ ഒരു ബന്ധവും ഇല്ലാതെ വിട്ടു നിൽക്കാറില്ല. ഭാര്യ, രണ്ട് മക്കൾ, അച്ഛൻ എന്നിവരടങ്ങിയ തന്റെ കുടുംബത്തിന് ഇടയ്ക്കൊക്കെ പഴയ ശൈലിയിൽ ഒരു കത്ത് പതിവാണ്. ഭർത്താവിനും മക്കൾക്കുമപ്പുറമൊരു ലോകമില്ലാത്ത ജെസിക്ക് ആ കത്തുകളാണ് ആശ്വാസം. അങ്ങനെയിരിക്കെ സക്കറിയയെ തേടി ഒരാൾ വീട്ടിലെത്തുന്നു. തനിക്ക് സക്കറിയ കുറച്ച് സ്വർണം തരാനുണ്ടെന്നും അത് കിട്ടാതെ മകളുടെ വിവാഹം നടക്കില്ലെന്നും അയാൾ പറ‌ഞ്ഞു. സക്കറിയയുടെ അച്ഛനായ കുട്ടിച്ചനും ഭാര്യ ജെസിക്കും അതൊരു പുതിയ അറിവായിരുന്നു. ഭർത്താവിന്റെ പേരിൽ വന്നിരുന്ന കത്തുകൾക്ക് പിന്നിൽ നിഗൂ‌‌ഢതയുണ്ടെന്ന് താമസിയാതെ ജെസി മനസിലാക്കുന്നു. പൊലീസ് അന്വേഷണത്തിന് പുറമേ ജെസിയും കുട്ടിച്ചനും സക്കറിയയെ തേടിയിറങ്ങുന്നു. പല അപ്രിയ സത്യങ്ങളും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. സക്കറിയയുടെ തിരോധാനത്തെ തുടർന്നുള്ള അന്വേഷണം ആകാംശ ഉളവാക്കുന്നതാണെങ്കിലും സസ്പെൻസ് പ്രവചനീയമാണ്. ത്രില്ലർ എന്നതിലുപരി മയക്കുമരുന്ന് കഞ്ചാവ് തുടങ്ങിയ ലഹരികളുടെ ഉപയോഗം വരുത്തുന്ന വിനയെ കുറിച്ചും ചിത്രം പറയുന്നുണ്ട്.

പ്രകടനം

ആശാ ശരതാണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഭാര്യയുടെയും അമ്മയുടെയും മാനസിക സംഘർഷം വളരെ ഭംഗിയായി അവർക്ക് ചെയ്യാനായി. മകന്റെ കഥാപാത്രമായ ലീൻ സക്കറിയ ഷെബിൻ ബെൻസൺ എന്ന യുവനടന് ലഭിച്ച മികച്ച കഥാപാത്രമാണ്. ജെസി കഴിഞ്ഞാൻ ലീൻ ആണ് കഥയിലെ പ്രധാന കണ്ണി. കുട്ടിച്ചനെയും സക്കറിയെയും നന്നായി അവതരിപ്പിക്കാൻ പ്രേം പ്രകാശിനും മനോജ് കെ. ജയനും കഴിഞ്ഞു. ഒരു ടാക്സി ഡ്രൈവറായി എത്തുന്ന സുരാജ് വെഞ്ഞാറമൂടും പൊലീസ് ഇൻസ്പെക്ടറുടെ വേഷം ചെയ്ത ബൈജുവും ശ്രദ്ദേയമായിരുന്നു.

തന്റെ ആദ്യ സിനിമ പരാജയമായതിനുശേഷം ഏഴ് വർഷത്തെ കാത്തിരിപ്പ് നല്ലൊരു തിരക്കഥയ്ക്ക് വേണ്ടിയായിരുന്നു എന്നാണ് സംവിധായകൻ കെ.കെ. രാജീവ് പറഞ്ഞത്. ബോബി-സ‌ഞ്ജയ് സഹോദരങ്ങൾ രാജീവിന് വേണ്ടി മൂന്ന് സീരിയലുകളുടെ തിരക്കഥ നിർവഹിച്ചിരുന്നു. ഇവരുടെ കൂട്ടുകെട്ടിലെ ആദ്യ സിനിമയാണ് 'എവിടെ'. മികച്ച സിനിമയെന്ന് അവകാശപ്പെടാനാകില്ല എങ്കിലും 'എവിടെ' ശരാശരി നിലവാരം പുലർത്തുന്നുണ്ട്. ചിത്രം നൽകുന്ന സന്ദേശം പരാമർശം അർഹിക്കുന്നു; പ്രത്യേകിച്ച് കുറ്റകൃത്യങ്ങൾ പെരുകുന്ന നമ്മുടെ സമൂഹത്തിൽ.

+

വാൽക്കഷണം: ലഹരി ത്രില്ലറല്ല, കില്ലറാണ്

റേറ്റിംഗ്: 2.5/5