ഷിൻഡെയുടെ രാജി ഉടൻ ; അജിത് പവാറുമായുള്ള ബിജെപി സഖ്യത്തോടെ മുഖ്യമന്ത്രിപദത്തിന് അധിക ആയുസില്ലെന്ന് ആദിത്യ താക്കറേ

Saturday 08 July 2023 7:55 PM IST

മുംബയ്: ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ബിജെപി-ശിവസേന സർക്കാരിൽ വലിയ മാറ്റങ്ങളുണ്ടാകാൻ സാദ്ധ്യതയെന്ന് ആദിത്യ താക്കറേ. അജിത് പാവാറിന്റെ കടന്നുവരവിന് പിന്നാലെ ഷിൻഡെയ്ക്ക് മുഖ്യമന്ത്രിപദം ഒഴിയേണ്ടി വരുമെന്നാണ് ഉദ്ധവ് താക്കറെയുടെ പുത്രനും അവിഭക്ത ശിവസേന സർക്കാരിലെ മന്ത്രിയുമായിരുന്ന ആദിത്യ താക്കറെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. അജിത് പവാറും മറ്റ് എൻസിപി എംഎൽഎമാരും മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമായതിന് പിന്നാലെ ഷിൻഡെയോട് മുഖ്യമന്ത്രിപദം ഒഴിയാൻ ബിജെപി ആവശ്യപ്പെട്ടതായാണ് അദ്ദേഹം അറിയിച്ചത്.

എൻസിപിയെ പിളർത്തി ബിജെപി- ശിവസേന (ഷിൻഡെ വിഭാഗം) സർക്കാരിന്റെ ഭാഗമായ അജിത് പവാർ നിലവിൽ ഉപമുഖ്യമന്ത്രി പദമാണ് വഹിക്കുന്നത്. അജിത് പവാറിനൊപ്പം എട്ട് എൻസിപി എംഎൽഎമാരും സർക്കാരിന്റെ ഭാഗമായിരുന്നു. മന്ത്രിസഭ വികാസത്തിന് പിന്നാലെ ഷിൻഡെയുടെ മുഖ്യമന്ത്രി പദത്തിന് അധികകാലം ആയുസുണ്ടാകില്ല എന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. രാഷ്ട്രീയമായും ആശയപരമായും രണ്ട് ധ്രുവങ്ങളിലായിരുന്ന എൻസിപിയുമായി കൈകൊടുത്തത് ഷിൻഡേ ക്യാംപിൽ അമർഷമുണ്ടാക്കിയതായാണ് റിപ്പോർട്ട്. അതേസമയം അജിത് പവാറുമായുള്ള സഖ്യത്തിന് പിന്നാലെ ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള ഇരുപതോളം എംഎൽഎമാർ ബന്ധപ്പെട്ടിരുന്നതായി ഉദ്ധവ് താക്കറേ വിഭാഗത്തിലെ മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് നേരത്തെ പ്രതികരിച്ചിരുന്നു.

എന്നാൽ എൻസിപിയുമായുള്ള സഖ്യത്തിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഞങ്ങൾ രാജി വെയ്ക്കുന്നവരല്ല സ്വീകരിക്കുന്നവരാണെന്നുമായിരുന്നു ഏക്നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം ആരോപണങ്ങളോട് പ്രതികരിച്ചത്.