മത്സര പരീക്ഷകൾ എഴുതുന്നവർക്ക് മാതൃക

Sunday 09 July 2023 12:28 AM IST

യുവജനങ്ങളുമായി സംവദിക്കുമ്പോൾ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾകലാം അവരെ ഓർമ്മിപ്പിക്കുന്ന ഒരു കാര്യമുണ്ടായിരുന്നു. ജീവിതത്തിൽ ഏറ്റവും മുകളിലെ പടവിലെത്താനായി വലിയ സ്വപ്നങ്ങൾ കണ്ടുകൊണ്ടേയിരിക്കണം. ജയിച്ച് മുന്നേറാനുള്ള വാശി മനസിൽ അഗ്നിജ്വാലകളായി കൊണ്ടുനടന്നാലേ ഏതുരംഗത്തും വിജയിക്കാനാവൂ. ഇതു പറയാൻ കാരണം രാജ്യത്തെ ഉന്നത മത്സരപരീക്ഷകൾ വീണ്ടുംവീണ്ടും എഴുതി ഒടുവിൽ ആഗ്രഹം സഫലീകരിച്ച ഏതാനും യുവതീയുവാക്കളുടെ ജീവിതകഥ മാദ്ധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞതിനാലാണ്. ഇക്കൂട്ടത്തിൽ നാലുവർഷമായി തുടരുന്ന നഴ്‌സിന്റെ ജോലി രാജിവച്ച് ഇക്കഴിഞ്ഞ നീറ്റ് പ്രവേശന പരീക്ഷയെഴുതി 720-ൽ 672 മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ പാലാ കടനാട് സ്വദേശി ശ്രീലക്ഷ്‌മി മത്സര പരീക്ഷകൾക്കു തയ്യാറെടുക്കുന്ന സകലർക്കും വലിയ പ്രചോദനമാണ്.

എട്ടുവർഷം മുൻപ് കേരളത്തിൽ മെഡിക്കൽ പ്രവേശനപരീക്ഷ എഴുതി പിന്തള്ളപ്പെട്ടതിന്റെ വേദനയിലാണ് ശ്രീലക്ഷ്‌മി ബി.എസ്‌സി നഴ്‌സിംഗ് തിരഞ്ഞെടുത്തത്. മെഡിക്കൽസീറ്റ് ലഭിച്ചില്ലെങ്കിൽ മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സ് എന്ന വാശിയിൽ നിന്നായിരുന്നു ആ തീരുമാനം. അഖിലേന്ത്യാ തലത്തിൽ ഒൻപതാം റാങ്ക് നേടിയാണ് ശ്രീലക്ഷ്‌മി ഡൽഹി എയിംസിൽ നഴ്‌സിംഗ് പഠനത്തിനു ചേർന്നത്. നാലുവർഷത്തെ പഠനശേഷം രാജ്യത്തെ ഏറ്റവും ഉന്നതമായ ആ മെഡിക്കൽ സ്ഥാപനത്തിൽത്തന്നെ നഴ്‌സായി ജോലിയും ലഭിച്ചു. ഇതിനിടയിലാണ് മനസിൽ വീണ്ടും മെഡിക്കൽ പഠനമെന്ന മോഹമുദിച്ചത്. ജോലി രാജിവച്ച് 'നീറ്റ് ' എഴുതാനുള്ള ആഗ്രഹമറിയിച്ചപ്പോൾ സ്വാഭാവികമായും വീട്ടുകാർക്ക് യോജിപ്പില്ലായിരുന്നു. എങ്കിലും മകളുടെ നിർബന്ധത്തിനു വഴങ്ങേണ്ടിവന്നു. ജോലി രാജിവച്ച് നാട്ടിലെത്തി പരിശീലന ക്ളാസിൽ ചേർന്നു. നീറ്റ് പരീക്ഷയിൽ ഉയർന്ന സ്‌കോറും നേടാനായി. ഇവിടെത്തന്നെ പ്രവേശനം ഉറപ്പാക്കുന്ന സ്‌കോറാണിത്. മനസിൽ കെടാതെ സൂക്ഷിച്ച ഡോക്ടർ മോഹമാണ് ശ്രീലക്ഷ്‌മിക്ക് വർഷങ്ങൾക്കുശേഷവും സ്വപ്നം എത്തിപ്പിടിക്കാൻ തുണയായതെന്ന് പ്രത്യേകം പറയേണ്ടതില്ല. സുരക്ഷിതമായ ഒരു ജോലി ലഭിച്ചാൽ അതുകൊണ്ടു തൃപ്തിയടയുന്നവരാണ് ഏറെപ്പേരും. ആദ്യ പ്രവേശന പരീക്ഷ കഴിഞ്ഞ് എട്ടാംവർഷം വീണ്ടുമൊരു പരീക്ഷണത്തിനൊരുങ്ങിയ ശ്രീലക്ഷ്‌‌മി മെഡിക്കൽ പഠനമെന്ന സ്വപ്നത്തിലെത്താൻ വിവാഹം പോലും മാറ്റിവയ്ക്കാൻ തയ്യാറായി.

ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ വിജയം കൊയ്തവരിലധികവും പലകുറി ഭാഗ്യം പരീക്ഷിച്ചവരാണ്. സിവിൽ സർവീസ് പോലെതന്നെ പ്രധാനമായ ഫോറസ്റ്റ് സർവീസ് പരീക്ഷയിലും മാതൃകയാക്കാവുന്ന കുറെപ്പേർ ഇവിടെയുണ്ട്. ആറുവട്ടം സിവിൽ സർവീസിനായി പരിശ്രമിച്ച് തോൽവിയടഞ്ഞ് ഒടുവിൽ കളം മാറി ഫോറസ്റ്റ് സർവീസ് പരീക്ഷയെഴുതി കേരളത്തിൽ ഒന്നാമതും അഖിലേന്ത്യാ തലത്തിൽ ഇരുപത്താറാം റാങ്ക് നേടിയ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി ജെ. അരവിന്ദ് അവരിലൊരാളാണ്. ഇതേ പരീക്ഷയിൽ 94-ാം റാങ്ക് നേടിയ ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശിനി അഞ്ജലി, വലിയതുറ സ്വദേശി ആനന്ദ് ജസ്റ്റിൻ തുടങ്ങിയവരൊക്കെ മത്സരപരീക്ഷകളെഴുതുന്ന യുവതലമുറയ്ക്ക് മാതൃകയാക്കാവുന്നവരാണ്. മാറിമാറി മൂന്ന് ഉദ്യോഗങ്ങൾ രാജിവച്ചാണ് അഞ്ജലി ഫോറസ്റ്റ് സർവീസ് പരീക്ഷയെഴുതി വിജയം കണ്ടെത്തിയത്. ആനന്ദ് ജസ്റ്റിനാകട്ടെ എട്ടുതവണ സിവിൽ സർവീസ് എഴുതി പരാജയപ്പെട്ട യുവാവാണ്. ഇവരെപ്പോലെ പരാജയങ്ങൾ വകവയ്ക്കാതെ വാശിയോടെ ലക്ഷ്യപ്രാപ്തിയിലെത്തുന്ന എത്രയോ പേരുണ്ട്. ആദ്യ പരീക്ഷയിലോ അഭിമുഖത്തിലോ ഉണ്ടായ പരാജയത്തിൽ അവസാനിപ്പിക്കേണ്ടതല്ല ജീവിത പരീക്ഷണങ്ങൾ.