ക്ഷേത്ര ഐതിഹ്യങ്ങൾക്ക് നേരെ കാമറ തിരിച്ച് സോഫ്‌റ്റ് വെയർ എൻജിനിയർ

Friday 14 July 2023 9:32 PM IST
രഞ്ജിനി വിനോദ്

തൃശൂർ: കേരളത്തിലെ നൂറോളം ക്ഷേത്രങ്ങളുടെ ഐതിഹ്യങ്ങൾ തന്റെ യു ട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച വനിതാ സോഫ്റ്റ്‌വെയർ എൻജിനിയർ രഞ്ജിനി വിനോദിന്റെ നൂറാമത്തെ വീഡിയോ ഇന്ന് പുറത്തിറങ്ങും. ആയിരം ദിനം കൊണ്ട് 11 ജില്ലകളിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ സന്ദർശിച്ച രഞ്ജിനി തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വിശേഷങ്ങളാണ് നൂറാം അദ്ധ്യായത്തിലൂടെ അവതരിപ്പിക്കുക. കൊവിഡ് കാലത്ത് പാചക വീഡിയോയിലൂടെ ചാനൽ ആരംഭിച്ച രഞ്ജിനി പിന്നീട് ക്ഷേത്രപര്യടനത്തിലേക്ക് തിരിഞ്ഞു. ക്ഷേത്രങ്ങളുടെ വിവരങ്ങളും പാചക വിദ്യകളുമടങ്ങിയ രഞ്ജിനി വിനോദ് വ്‌ളോഗ് എന്ന യു ട്യൂബ് ചാനലിന് ഇപ്പോൾ 4,350 സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ആകെ 301 വീഡിയോകളും അപ്‌ലോഡ് ചെയ്തു.
കേരളത്തിലെ ഒട്ടുമിക്ക ജില്ലകളും സന്ദർശിച്ച് ക്ഷേത്രങ്ങളുടെ ഐതിഹ്യവും ആരാധനാക്രമങ്ങളുമടങ്ങിയ വീഡിയോ തയ്യാറാക്കുന്നത്. സ്‌ക്രിപ്റ്റിംഗും എഡിറ്റിംഗും അവതരണവുമെല്ലാം നിർവഹിക്കുന്നത് രഞ്ജിനി തന്നെയാണ്. ക്യാമറ ഭർത്താവായ വിനോദ് നാരായണനാണ്. കൂടൽമാണിക്യം, തൃപ്രങ്ങോട്ട് ക്ഷേത്രം, കുരുംബ ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭക്ഷേത്രം, ആറാട്ടുപുഴ ക്ഷേത്രം, തിരുവേഗപുറം, തിരുനാവായ, തളി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ വിവരങ്ങളും പ്രേക്ഷകരിലേക്കെത്തിച്ചു. ക്ഷേത്രസംബന്ധമായ രണ്ട് പുസ്തകങ്ങളും പൂർത്തിയാക്കി.

എല്ലാ ജില്ലകളിലെയും പുരാതനമായ ക്ഷേത്രങ്ങൾ സന്ദർശിച്ച് അവയുടെ ഐതിഹ്യം മനസിലാക്കണമെന്നാണ് ആഗ്രഹം. ഐതിഹ്യം സമഗ്രമായി പഠിച്ചും കിട്ടാവുന്ന തെളിവുകൾ ശേഖരിച്ചുമാണ് സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നത്.


രഞ്ജിനി വിനോദ്