ചന്ദ്രയാൻ മൂന്നാം യാത്രയിൽ കടമ്പകളും മൂന്ന്

Saturday 15 July 2023 2:28 AM IST

ചന്ദ്രയാനിന്റെ മൂന്നാം യാത്രയിൽ വെല്ലുവിളിയാകുന്നത് മൂന്ന് കടമ്പകളാണ്.

കടമ്പ 1.

3.9 ടൺ ഭാരമുള്ള ചന്ദ്രയാൻ 3 പേടകത്തെ ഭൂമിയോട് 170കിലോമീറ്റർ അടുത്തും ( പെരിജീ ) 36,500കിലോമീറ്റർ അകന്നുമുള്ള ( അപ്പോജീ ) ദീർഘവൃത്ത ഭ്രമണപഥത്തിൽ എത്തിക്കുക.

കടമ്പ 2.

ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മാറണം. ഭൂമിയെ ചുറ്റികൊണ്ടിരിക്കെ ഏറ്റവും അനുയോജ്യമായ സമയത്ത് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വഴിമാറണം. ഇത് ദുർഘടമാണ്. വിക്ഷേപണം കഴിഞ്ഞ് ആറാമത്തേയോ, ഏഴാമത്തേയോ ദിവസമാണിത് ചെയ്യുക. ഭൂമിയുടെ ആകർഷണവലയത്തിൽ നിന്ന് പുറത്തുചാടി ചന്ദ്രന്റെ ആകർഷണ വലയത്തിൽ ചേരണം.

കടമ്പ 3

ചന്ദ്രന്റെ മണ്ണിൽ സോഫ്റ്റ്‌ലാൻഡിംഗ് നടത്തുകയാണ് ഏറ്റവും ദുർഘടം. ചന്ദ്രനിൽ അന്തരീക്ഷമില്ല. ഗുരുത്വാകർഷണം ഭൂമിയുടെ ആറിലൊന്നേയുള്ളൂ.

ഭൂമിയുടെ ഗുരുത്വബലം സ്ഥിരമാണ്. ചന്ദ്രന്റെ ഗുരുത്വബലം മാറിക്കൊണ്ടിരിക്കുന്നതാണ് വെല്ലുവിളി. അതിന് അനുസരിച്ച് പേടകത്തിന്റെ വേഗത ക്രമീകരിക്കണം. ഇവിടെ നിന്നുള്ള പോക്കിൽ ഇറങ്ങാൻ നോക്കിയാൽ സെക്കൻഡിൽ 1.7കിലോമീറ്റർ വേഗതയിൽ പേടകം വീണ് തകരും. ഇതൊഴിവാക്കാൻ സെൻസർ ഉപയോഗിച്ച് ഗുരുത്വബലം മനസിലാക്കണം. പേടകത്തിലെ ഇന്ധനം കത്തിച്ച് ചന്ദ്രന്റെ ഗുരുത്വബലത്തിന് ആനുപാതികമായി പേടകത്തെ മുകളിലേക്ക് തള്ളി വേഗത കുറയ്ക്കണം. അതിനുള്ള അൽഗരിതം സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ശരിയായി പ്രവർത്തിക്കണം. ഇതിലാണ് ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയം.