ഉണ്ണിക്കൃഷ്ണൻ പുതൂർ നവതി ദിനാചരണം

Saturday 15 July 2023 11:52 PM IST
ഉണ്ണിക്കൃഷ്ണൻ പുതൂർ നവതിവർഷ ജന്മസ്മൃതി ദിനം എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: ഉണ്ണിക്കൃഷ്ണൻ പുതൂർ നവതിവർഷ ജന്മസ്മൃതി ദിനം ആചരിച്ചു. വടക്കാഞ്ചേരിക്കാലത്തെയും പരിസ്ഥിതിയെയും തന്റെ കൃതികളിൽ അടയാളപ്പെടുത്തിയ അപൂർവ പ്രതിഭയുള്ള എഴുത്തുകാരനായിരുന്നു ഉണ്ണിക്കൃഷ്ണൻ പുതൂരെന്ന് എ.സി. മൊയ്തീൻ എം.എൽ.എ പറഞ്ഞു. വടക്കാഞ്ചേരി ശ്രീകേരളവർമ്മ വായനശാലയുടെയും പുതൂർ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉണ്ണിക്കൃഷ്ണൻ പുതൂർ നവതി വർഷ ജന്മ സ്മൃതിദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡന്റ് വി. മുരളി അദ്ധ്യക്ഷനായി.

എഴുത്തുകാരൻ അരുൺ എഴുത്തച്ഛൻ സ്മൃതിപ്രഭാഷണം നടത്തി. പുതൂരിന്റെ കൃതികളായ ഇന്ദ്രകൽപ്പന, എല്ലാം ദൈവത്തിന്റെ കൈയ്യിൽ, തമിഴ് എഴുത്തുകാരൻ സുര തർജമ ചെയ്ത പുതൂർ കഥകളുടെ തമിഴ് വിവർത്തനം തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനം എം.ആർ. അനൂപ് കിഷോർ, ഡോ. എം.എൻ. വിനയകുമാർ, സാഹിത്യകാരൻ കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ നിർവഹിച്ചു. കെ. അജിത്ത് കുമാർ, ഷാജു പുതൂർ, ജനു ഗുരുവായൂർ, അഡ്വ. ടി.എ. നജീബ്, കെ.കെ. ജയപ്രകാശ്, ലിസി കോര, വിജയൻ പുന്നത്തൂർ, ഡോ. കെ.സി. ശശിധരൻ, മച്ചാട് കണ്ണൻ, ബാലൻ വാറണാട്ട്, ജി. സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.