പ്രമേഹ രോഗികൾ ചോറൊഴിവാക്കി ചപ്പാത്തി മാത്രം കഴിച്ചാൽ ഗുണമുണ്ടോ? ഗവേഷകർ പറയുന്നത് ഇങ്ങനെയാണ്
രാജ്യത്ത് പ്രതിദിനം പ്രമേഹ രോഗികളാകുന്നവരുടെ എണ്ണത്തിൽ ആശങ്കപ്പെടുത്തുന്ന തരം വർദ്ധനവുണ്ടെന്ന തരം വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിൽ ഏറിയപങ്കും അപകട സാദ്ധ്യത ജീവിതശൈലി സവിശേഷത കൊണ്ട് യുവാക്കൾക്കാണെന്ന് കണ്ടു. ടൈപ്പ് 2 പ്രമേഹമാണ് പലരിലും കണ്ടുവരുന്നത്. അമിതമായ ഭക്ഷണം, ഭാരം, തീരെ ക്രമമില്ലാത്ത ജീവിതം എന്നിവയാണ് ഇവരിൽ പ്രമേഹസാദ്ധ്യത വർദ്ധിപ്പിക്കുന്നത്.
പ്രമേഹം ബാധിച്ചവരിൽ മധുരം കഴിക്കുന്നത് ഒഴിവാക്കിയും പ്രത്യേകിച്ച് ചോറ് ഒഴിവാക്കിയുമെല്ലാം പലതരം പരീക്ഷണങ്ങൾ നമ്മൾ കാണാറുണ്ട്. ഇത്തരം പരീക്ഷണങ്ങൾ കൃത്യമായി പറഞ്ഞാൽ ചോറ് ഒഴിവാക്കി ചപ്പാത്തി കഴിച്ചുതുടങ്ങുന്നതുകൊണ്ട് വല്ല ഗുണവുമുണ്ടോ? ഒരു പഠന റിപ്പോർട്ടനുസരിച്ച് ഇത്തരം ശീലം കൊണ്ട് കാര്യമില്ലെന്നാണ്.
കാർബോഹൈഡ്രേറ്റ് ചപ്പാത്തിയിൽ കുറവായതാണ് പലരും രണ്ട്നേരം ചപ്പാത്തി കഴിക്കാൻ ശ്രമിക്കുന്നതിന്റെ കാര്യം. എന്നാൽ ഇത് തെറ്റാണ്. ചോറിൽ 75 ശതമാനം കാർബോഹൈഡ്രേറ്റുണ്ടെങ്കിൽ ചപ്പാത്തിയിൽ ഇത് 72 ശതമാനമാണെന്ന വ്യത്യാസമേ ഉള്ളു. 50 മുതൽ 65 ശതമാനം വരെ കാർബോഹൈഡ്രേറ്റും 10 മുതൽ 15 ശതമാനം വരെ പ്രോട്ടീനും 20 മുതൽ 25 ശതമാനം വരെ കൊഴുപ്പുമാണ് ഭക്ഷണത്തിൽ വേണ്ടത്. ശരീരത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രിക്കാൻ വ്യായാമം അത്യാവശ്യമാണ്.
നാരുകളും പ്രോട്ടീനും വേണ്ടുവോളമടങ്ങിയ റാഗി കഴിക്കുന്നത് നല്ലതാണ്. ഒപ്പം അമിതമായ ഭക്ഷണമല്ല മിതമായ ഭക്ഷണമാണ് പ്രമേഹ രോഗികൾ വേണ്ടത് എന്നറിയണം. ഓട്‌സ് ഇത്തരക്കാർ ശീലമാക്കുന്നത് നല്ലതാണ്. എന്നാൽ ഇത് കഴിക്കുന്നതിനും ചില പ്രത്യേകതകളുണ്ട്. അത് പാലിക്കണമെന്ന് മാത്രം.