അമേരിക്കയല്ല ഇനി ഇന്ത്യയാണ് അക്കാര്യത്തിൽ രാജാവ്, നവംബറിൽ പ്രധാനമന്ത്രി ഉദ്ഘാ‌ടനം ചെയ്യും

Wednesday 19 July 2023 11:25 AM IST

സൂററ്റ്: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം സ്ഥിതി ചെയ്യുന്ന രാജ്യം എന്ന പദവി ഇനി ഇന്ത്യയ‌്ക്ക് സ്വന്തം. വജ്രനഗരമായ ഗുജറാത്തിലെ സൂററ്റിനാണ് ഈ അപൂർവ റെക്കോർഡ് സ്വന്തമാകുന്നത്. അമേരിക്കയുടെ പ്രതിരോധ ആസ്ഥനമായ പെന്റഗണിനെ പിന്തള്ളിയാണ് ദി സൂററ്റ് ഡയമണ്ട് ബോഴ്‌സ് എന്ന മന്ദിരസമുച്ചയം പുതുചരിത്രം രചിച്ചത്.

65 ലക്ഷം ചതുരശ്രയടിയാണ് പെന്റഗണിന്റെ വിസ്തൃതി. സൂററ്റിലെ ഖജോറിൽ നിർമ്മിച്ച മന്ദിര സമുച്ചയത്തിന് 67.28 ലക്ഷം ചതുരശ്രയടി വിസ്തൃതിയുണ്ട് . 35.54 ഏക്കറിലായി പതിനഞ്ച് നിലകൾ വീതമുള്ള ഒൻപത് ടവറുകൾ ചേർന്നതാണിത്.

ഈ വരുന്ന നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതോടെ ഇന്ത്യയിലെ വജ്രവ്യാപാരത്തിന്റെ ആസ്ഥാനമായി സൂററ്റ് മാറും. നൂറ്റാണ്ടുകളായി മുംബയ്‌ക്ക് സ്വന്തമായിരുന്നു ഈ പദവി. രാജ്യത്ത് വ്യാപാരം ചെയ്യുന്ന 92 ശതമാനം വജ്രവും മിനുസപ്പെടുത്തുന്നത് സൂററ്റിലാണ്. കോടികൾ വിലമതിക്കുന്ന വജ്രങ്ങൾ 250 കിലോമീറ്റർ അകലെയുള്ള മുംബയിൽ എത്തിക്കാനുള്ള സാമ്പത്തിക ബാദ്ധ്യതയും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് വജ്രവ്യാപാരികളുടെ സംഘടനയും ഖജോർ ഡവലപ്മെന്റ് അതോറിറ്റിയും ചേർന്ന് കോർപ്പറേറ്റ് ആസ്ഥാനം നിർമ്മിച്ചത്. ഹരിതകെട്ടിടത്തിനുള്ള ഉന്നതാംഗീകാരമായ പ്ളാറ്റിനം ഗ്രീൻ സർട്ടിഫിക്കറ്റും കരസ്ഥമാക്കി. 2019ൽ നിർമ്മാണം ആരംഭിച്ച സമുച്ചയത്തിലെ മുഴുവൻ സ്ഥലവും വജ്രനിർമ്മാതാക്കളും വ്യാപാരികളും സ്വന്തമാക്കി.

സൂററ്റ് ഡയമണ്ട് ബോഴ്സ് പൂർണമായി പ്രവർത്തിക്കുമ്പോൾ രണ്ടു ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയർമാൻ വല്ലഭായ് പട്ടേൽ പ്രതികരിച്ചു.

ദി സൂററ്റ് ഡയമണ്ട് ബോഴ്‌സ് ഒരുങ്ങിയത് ഇങ്ങനെ-

നിർമ്മാണച്ചെലവ്- 3,200 കോടി

വിസ്തൃതി : 67,28,604 ചതു. അടി

മന്ദിരങ്ങൾ:

9 ടവറുകൾ,

ഒരോന്നിലും

15 നിലകൾ

ടവറിന്റെ ഉയരം:

81.9 മീറ്റർ

ഇടനാഴി:

ഒരു കിലോമീറ്റർ ഓഫീസുകൾ:

4,500

പാർക്കിംഗ്:

20 ലക്ഷം ചതുരശ്രയടി

ആർക്കിടെക്ട് :

മോർഫോജീനിയസ്, ഡൽഹി

തൊഴിൽ:

67,000 പേർക്ക് നേരിട്ട്

83,000 പേർക്ക് പരോക്ഷമായി

വലിയ കെട്ടിടങ്ങൾ

(ചതുരശ്രയടി )

ദ പെന്റഗൺ അമേരിക്ക.......... 65,00,000

സി.എം.ജി ചൈന....................... 41,88,000

ബുർജ് ഹലീഫ, യു.എ.ഇ......... 33,31,135

തായ്പേയ്, തായ്‌വാൻ........... 31,67,360

വജ്രനഗരം

ലോകവിപണിക്ക് 90 ശതമാനം വജ്രവും നൽകുന്നത് ഇന്ത്യയാണ്. 78.50 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് മുൻവർഷം നേടിയത്. 472 വജ്രനിർമ്മാണ, കയറ്റുമതി സ്ഥാപനങ്ങൾ സൂററ്റിലുണ്ട്.