ഹോളിവുഡിന്റെ ലെവലിലെത്തി ഇന്ത്യൻ സിനിമയെന്ന് ആരാധകർ; പ്രഭാസിന്റെ പ്രൊജക്‌ട് കെ ഇനി കൽക്കി-2898, ഗ്ളിംസ് വീഡിയോ

Friday 21 July 2023 8:21 AM IST

പ്രൊജക്‌ട് കെ എന്ന പേരിൽ ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്ററിലെ പ്രഭാസിന്റെ ലുക്ക് കണ്ട് നിരാശരായ ആരാധകരെ ഞെട്ടിച്ച് ചിത്രത്തിന്റെ കിടിലൻ ഗ്ളിംസ് വീഡിയോ പുറത്തിറക്കി. പ്രൊജക്‌ട് കെ ഇനിമുതൽ കൽക്കി-2898 ആണ്. ചിത്രത്തിന്റെ മേക്കിംഗ് ഹോളിവുഡ് ലെവലിലാണ് എന്ന് ആരാധകർ അമ്പരപ്പോടെ കുറിച്ചു. മണിക്കൂറുകൾക്കകം 16 ലക്ഷത്തിലധികം പേരാണ് വീഡിയോ യൂട്യൂബിൽ കണ്ടത്.

'അന്ധകാരം ലോകത്തെ കീഴടക്കുമ്പോൾ ഒരു ശക്തി ഉദിക്കും' എന്നപേരിലാണ് ഭാവിയിൽ നടക്കുന്ന തരത്തിലെ കഥയായി ചിത്രത്തിന്റെ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. പ്രഭാസിനൊപ്പം കമൽഹാസൻ,​ ദീപിക പദുക്കോൺ,​ അമിതാഭ് ബച്ചൻ,​ ദിഷാ പട്ടാണി,​ പശുപതി എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അമാനുഷിക കഥാപാത്രമാണ് പ്രഭാസിന്റേത്. വൈജയന്തി മൂവിസിന്റെ അൻപതാമത് ചിത്രമായ കൽക്കി-2898 നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. അടുത്തവർഷം ജനുവരി 12നാണ് ചിത്രം റിലീസാകുക.