ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി ഉറപ്പിച്ചു, സിനിമ നൻപകൽ നേരത്ത് മയക്കം

Friday 21 July 2023 1:03 PM IST

തിരുവനന്തപുരം: മികച്ച സിനിമയ്ക്കുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്കാരം ലിജോ ജോസി പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിന് ലഭിക്കുമെന്നറിയുന്നു. ഇതേ ചിത്രത്തിൽ ജെയിംസായും സുന്ദരമായും പകർന്നാടിയ മമ്മൂട്ടിയാണ് മികച്ച നടൻ. പുഴു, റോഷാക്ക് എന്നീ സിനിമകളിടെ അഭിനയവും മമ്മൂട്ടിയെ പുരസ്കാര നേട്ടത്തിലേക്ക് എത്തിക്കുന്നതിന സഹായകമായി എന്നാണ് ലഭിക്കുന്ന വിവരം. അറിയിപ്പ്, ന്നാ താൻ കേസ് കൊട്, പട എന്നീ ചിത്രങ്ങളുമായി മമ്മൂട്ടിക്ക് വെല്ലുവിളി ഉയർത്തി അവാർഡ് നിർണയത്തിന്റെ അവസാന നിമിഷം വരെ കുഞ്ചാക്കോ ബോബനുണ്ടായിരുന്നു.

ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക്, തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളയ്ക്ക, മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ്, ഷാഹി കബീർ സംവിധാനം ചെയ്ത ഇല വീഴാ പൂഞ്ചിറ എന്നീ ചിത്രങ്ങൾ പുരസ്കാര പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ആട്ടം സിനിമയിലെ അഭിനയത്തിന് സെറിൻ ഷിഹാബും ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത രേഖ എന്ന സിനിമയിലെ അഭിനയത്തിലൂടെ വിൻസി അലോഷ്യസും മികച്ച നടിമാരാകാനുള്ളവരിൽ അവസാന റൗണ്ടിലുണ്ടായിരുന്നു. ഇവരിലൊരാൾക്ക് പുരസ്കാരം ലഭിക്കും. സൗദി വെള്ളയ്ക്കയിലെ അഭിനയം ദേവി വർമ്മയ്ക്ക് ജൂറി പുരസ്കാരം ലഭിച്ചേക്കും.

ബംഗാളി ചലച്ചിത്രകാരൻ ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള അന്തിമജൂറി അവാ‌ർഡുകൾ നിർണ്ണയിച്ചത്. ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിക്കും.