മണിപ്പൂരിലെ കിരാത സംഭവം

Saturday 22 July 2023 12:00 AM IST

മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം ഇന്ത്യയുടെ മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. അത്യന്തം നിന്ദ്യവും രാജ്യം തലതാഴ്ത്തേണ്ടി വന്നതുമായ സംഭവത്തിന് ഉത്തരവാദിയായ ഒരാൾപോലും രക്ഷപ്പെടാൻപാടില്ല. ഇവർക്കെതിരെ ഉടൻ നടപടിയെടുത്തില്ലെങ്കിൽ നേരിട്ട് ഇടപെടുമെന്ന സുപ്രീംകോടതിയുടെ മുന്നറിയിപ്പാണ് സംഭവം രാജ്യശ്രദ്ധയിൽ വരാൻ ഇടയാക്കിയത്. മണിപ്പൂർ കലാപം തുടങ്ങി മൂന്നുമാസത്തിലേറെയായിട്ടും ഇതുവരെ പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി ഇൗ സംഭവം പുറത്തു വന്നതോടെ മൗനം വെടിയാൻ തയാറായി. ഇത് വളരെ നേരത്തേ വേണ്ടിയിരുന്നതാണ്. മണിപ്പൂർ സംഭവം രാജ്യത്തിന് നാണക്കേടാണെന്നും​ കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകുന്നതായും നിയമം എല്ലാ ശക്തിയും പ്രയോഗിക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.

കലാപങ്ങളുടെ ഏറ്റവും വലിയ മുറിപ്പാടുകൾ ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകളും കുട്ടികളുമാണ്. കലാപങ്ങളുണ്ടാവുമ്പോൾ ഭരിക്കുന്ന സർക്കാർ പക്ഷംപിടിക്കുകയും സുരക്ഷയൊരുക്കേണ്ട വിഭാഗങ്ങൾ നിഷ്ക്രിയരാവുകയും ചെയ്യുമ്പോഴാണ് ഏറ്റവും വലിയ ക്രൂരതകൾ അരങ്ങേറുന്നത്. മണിപ്പൂരിലും ഏറെക്കുറെ അതുതന്നെയാണ് സംഭവിക്കുന്നത്. ആദ്യ ആഴ്ചകളിൽത്തന്നെ കലാപം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ബോദ്ധ്യമായിട്ടും സർക്കാർ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തുകയും സുരക്ഷയ്ക്ക് സൈന്യത്തെ നിയോഗിക്കുകയും ചെയ്തിരുന്നെങ്കിൽ കലാപം ഇത്രനാളും നീളില്ലായിരുന്നു. മണിപ്പൂർ കലാപത്തിൽ 142 പേർ മരിക്കുകയും 17പേരെ കാണാതാവുകയും ചെയ്‌തെന്നാണ് മണിപ്പൂർ സർക്കാർ സുപ്രീംകോടതിയെ ഇൗ മാസം തുടക്കത്തിൽ അറിയിച്ചത്. എന്നാൽ മുന്നൂറിലേറെപ്പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കേന്ദ്രങ്ങൾ പറയുന്നത്.

കലാപത്തിന് തുടക്കം കുറിച്ചത് മണിപ്പൂർ ഹൈക്കോടതി ഏപ്രിൽ 19ന് പുറപ്പെടുവിച്ച വിവാദമായ ഒരു ഉത്തരവാണെന്നത് ആരും മറക്കരുത്. ഭൂരിപക്ഷ വിഭാഗക്കാരായ മെയ്തികൾക്കും പട്ടികവർഗപദവി നൽകുന്നത് പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്ന ഉത്തരവായിരുന്നു അത്. സംവരണം സർക്കാരിന്റെ നയപരമായ വിഷയമാണ്. പൊട്ടിത്തെറിയുണ്ടാക്കാൻ സാദ്ധ്യതയുള്ള ഇത്തരം വിഷയങ്ങളിൽ കോടതികൾ ഉത്തരവ് ഇറക്കുന്നതിന് മുമ്പ് തങ്ങളുടെ അധികാരപരിധിയിൽ വരുന്നതാണോയെന്ന് ചിന്തിക്കുന്നത് ഭാവിയിലെങ്കിലും ഗുരുതരമായ സ്ഥിതിവിശേഷങ്ങൾ ഒഴിവാക്കാൻ സഹായിക്കും.കലാപം കൈവിട്ടു പോകുന്നതായി പ്രതിപക്ഷകക്ഷികൾ ഒന്നടങ്കം പറഞ്ഞിട്ടും പ്രധാനമന്ത്രി പ്രതികരിക്കാതിരുന്നത് ജനാധിപത്യ സംസ്‌കാരത്തിന് ഉചിതമല്ല. യുവതികൾ അപമാനിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ടതാണോ അതോ ഇതേ രീതിയിൽ ഒട്ടേറെ സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചിരിക്കുന്നത്. മേയ് നാലിന് എടുത്ത വീഡിയോയാണ് പ്രചരിക്കുന്നത്. അതിനാൽത്തന്നെ തിരിച്ചടിയുടെ ഭാഗമായി ഇത്തരം കിരാതമായ സംഭവങ്ങൾ ആവർത്തിച്ചിരിക്കാനാണ് സാദ്ധ്യത. ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പട്ടതാണ് ആശ്വാസത്തിന് വകനൽകുന്ന ഏക കാര്യം. ഇതിന്റെ അടിസ്ഥാനത്തിലെങ്കിലും ശക്തമായ നടപടികൾക്ക് കേന്ദ്രം തയാറാകണം. ഭരണകൂടം അതിശക്തവും നിഷ്പക്ഷവുമായ നടപടിയെടുത്താൽ ഒരു കലാപത്തിനും അധിക ദിവസം നിലനിൽക്കാനാകില്ല. ശക്തമായ നടപടികളാണ് ഇനിയെങ്കിലും വേണ്ടത്.

Advertisement
Advertisement