ബൈക്ക് ഓടിക്കുന്നതിനിടെ റാപ്പിഡോ ഡ്രൈവറുടെ സ്വയംഭോഗം,​ ലൈംഗികാതിക്രമം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് യുവതി,​ അറസ്റ്റ്

Sunday 23 July 2023 7:30 PM IST

ബംഗളുരു: ബംഗളുരുവിൽ ബൈക്ക് ഓടക്കുന്നതിനിടെ റാപ്പിഡോ ഡ്രൈവർ സ്വയംഭോഗം ചെയ്തെന്ന് യുവതിയുടെ പരാതി. റാപ്പിഡോ ഓട്ടോയിൽ വീട്ടിലേക്ക് പോകാനിരുന്ന യുവതി ഓട്ടോ ലഭിക്കാത്തിനെ തുടർന്ന് ബുക്ക് ചെയ്ത റാപ്പിഡോ ബൈക്കിന്റെ ഡ്രൈവറാണ് ലൈംഗികാതിക്രമം നടത്തിയത്. യുവതിയുടെ പരാതിയിൽ ഡ്രൈവറെ ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. ആതിര പുരുഷോത്തമൻ എന്ന യുവതിയാണ് പരാതി നൽകിയത്. വാട്‌സ് ആപ്പ് സ്ക്രീൻ ഷോട്ട് ഉൾപ്പെടെ താൻ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് ആതിര ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ ബംഗളുരു ടൗൺ ഹാളിൽ പോയി വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. ഓട്ടോ ലഭിക്കാത്തതിനെ തുടർന്നാണ് ആതിര റാപ്പിഡോ ആപ്പിൽ ബൈക്ക് ബുക്ക് ചെയ്തത്. എന്നാൽ ബുക്ക് ചെയ്തിരുന്ന ബൈക്കുമായല്ല ഡ്രൈവർ‌ വന്നത്. ആപ്പിൽ ബുക്ക് ചെയ്ത ബൈക്ക് സർവീസിന് കൊടുത്തിരിക്കുകയാണെന്നും അതിനാലാണ് മറ്റൊരു ബൈക്കിൽ വന്നതെന്നും ഡ്രൈവർ പറഞ്ഞു. തുടർന്ന് അയാളുടെ ആപ്പ് വഴി ബുക്കിംഗ് ശരിവച്ച ശേഷം ബൈക്കിൽ കയറി. കുറച്ച് സമയത്തിന് ശേഷം ആളില്ലാത്ത ഇടവഴിയിലേക്ക് ബൈക്ക് കയറ്റി. ഈ സമയം പരിസരത്ത് മറ്റ് വാഹനങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്ന് ഡ്രൈവർ ഒറ്റക്കൈ കൊണ്ട് വാഹനമോടിക്കുകയും മറ്റൊരു കൈ കൊണ്ട് സ്വയംഭോഗത്തിലേർപ്പെടുകയും ചെയ്തു. ഭയന്നു പോയ യുവതിക്ക് ഒന്നും മിണ്ടാനായില്ല. വീടിരിക്കുന്ന സ്ഥലം ഡ്രൈവർക്ക് മനസിലാകാതിരിക്കാൻ ഇറങ്ങേണ്ട സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെയാണ് ഇറങ്ങിയതെന്ന് യുവതി പറയുന്നു. എന്നാൽ പിന്നീട് അയാൾ വാട്‌സ് ആപ്പിൽ മെസേജ് അയയ്ക്കാൻ തുടങ്ങി. തുടർന്ന് അയാളുടെ നമ്പർ ബ്ലോക്ക് ചെയ്തെന്നും ആതിര ട്വീറ്റ് ചെയ്തു. ഇയാൾ തുടർന്നും വിവിധ നമ്പരുകളിൽ നിന്ന് വിളിച്ച് ശല്യപ്പെടുത്തുകയാണെന്നും യുവതി പറയുന്നു.