ട്വിറ്ററിന്റെ 'കിളി' പോയി, ഇനി മസ്‌കിന്റെ 'എക്‌സ് "
ന്യൂയോർക്ക്: ട്വിറ്റർ ലോഗോയിലെ നീലക്കിളിക്ക് വിട. പുതിയത് ഇംഗ്ലീഷ് അക്ഷരമായ എക്‌സ്. സി.ഇ.ഒ ഇലോൺ മസ്‌കാണ് ഇന്നലെ ട്വീറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. എക്‌സ് ലോഗോ ഇന്നുമുതൽ ലൈവാകും. ട്വിറ്ററിന്റെ എല്ലാ ലോഗോ കിളികളും ഇതോടെ പറന്നകലുകയാണ്.
കഴിഞ്ഞ ഒക്ടോബറിൽ 4400 കോടി ഡോളറിന് ട്വിറ്റർ വാങ്ങിയതു മുതൽ മസ്‌ക് വൻ പരിഷ്‌കാരങ്ങൾ നടപ്പാക്കുകയാണ്. ട്വിറ്ററിനെ എക്സ് കോർപ് എന്ന് കമ്പനിയിൽ ലയിപ്പിച്ചു. നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. അമേരിക്കൻ മീഡിയ എക്സിക്യുട്ടിവായ 60കാരി ലിൻഡ യാക്കറിനോയെ സി.ഇ.ഒ ആക്കി. ട്വിറ്റർ എന്ന ബ്രാൻഡ് നാമവും മാറ്റും. എക്സ് എന്ന പേരാണ് മസ്‌കിന്റെ മനസിൽ. അദ്ദേഹത്തിന്റെ ബഹിരാകാശ കമ്പനിയുടെ പേരിലും എക്‌സ് ഉണ്ട്- സ്പേസ് എക്സ്. എക്സ് എ.ഐ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയും മസ്കിന്റേതാണ്.
ചൈനയുടെ വി ചാറ്റ് പോലെ നിരവധി സേവനങ്ങൾ നൽകുന്ന സൂപ്പർ ആപ് ആയി ട്വിറ്ററിനെ മാറ്റുകയാണ് മസ്‌ക്. മാസം നൂറ് കോടി ആളുകളാണ് വി ചാറ്റ് ഉപയോഗിക്കുന്നത്. എക്സ്- ദ എവരിതിംഗ് ആപ്- അതാണ് മസ്‌കിന്റെ സങ്കല്പം.
ഏപ്രിലിൽ നീലക്കിളിയെ താത്കാലികമായി മാറ്റി ക്രിപ്ടോ കറൻസിയായ ഡോജ് കോയിനിന്റെ ഷിബ ഇനു എന്ന നായക്കുട്ടിയെ ട്വിറ്ററിന്റെ ലോഗോ ആക്കിയിരുന്നു. പിന്നീട് കിളിയെ തിരികെ കൊണ്ടു വന്നതാണ്. ഷിബ ഇനു ലോഗോ ആയതോടെ ഡോജ് കോയിനിന്റെ വിപണി മൂല്യം 400 കോടി ഡോളർ വർദ്ധിച്ചിരുന്നു. ട്വിറ്റർ സേവനങ്ങൾക്ക് മാസം എട്ട് ഡോളറിന്റെ ബ്ലൂ സബ്സ്‌ക്രിപ്ഷൻ (വരിസംഖ്യ) ഏർപ്പെടുത്താനും ആലോചനയുണ്ട്.
ഏറ്റവും പ്രശസ്തം 'ലാരി ദ ബേർഡ്' എന്ന് പേരിട്ട നിലവിലെ കിളിയായിരുന്നു. അമേരിക്കൻ ബാസ്കറ്റ് ബാൾ താരമായിരുന്ന ലാരി ബേഡിനോടുള്ള ആദരമായാണ് ആ പേരിട്ടത്. ട്വിറ്ററിന്റെ സഹസ്ഥാപകനായ അമേരിക്കൻ സംരംഭകൻ ക്രിസ്റ്റഫർ ഇസാക് സ്റ്റോൺ (ബിസ് സ്റ്റോൺ)
ആണ് പേരിട്ടത്. നീലക്കിളിയുടെ പ്രാഥമിക ഡിസൈനും അദ്ദേഹത്തിന്റേതാണ്. കുഞ്ഞിച്ചിറകും കൂർത്ത വാലും പിളർന്ന ചുണ്ടുമുള്ള നീലക്കിളി ലോകത്തിന്റെ ഓമനയായി.
ട്വിറ്റർ ലോഗോ ചരിത്രം
2006 ജൂലായ് 15ന് ട്വിറ്റർ തുടങ്ങി
ട്വിറ്റർ എന്ന് നീലനിറത്തിൽ ഉരുണ്ട ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർത്ത് എഴുതിയതാണ് ആദ്യ ലോഗോ. അന്നുമുതൽ നീല തീം കളറായി. നാല് വർഷം ഇത് നിലനിന്നു.
2010
ആദ്യ നീലക്കിളി. വേഗത്തിലുള്ള കുഞ്ഞു മെസേജാണ് ട്വീറ്റ്. കിളി ചിലയ്ക്കുന്ന പോലെ. ട്വിറ്റർ എന്ന പേരിനൊപ്പം തലയിൽ തൂവലുകളുള്ള കിളിയും വന്നു.
2012
കിളിയെ പരിഷ്‌കരിച്ചു. തലയിലെ തൂവലുകൾ ഒഴിവാക്കി. മാർട്ടിൻ ഗ്രേസർ എന്ന ആർട്ടിസ്റ്റാണ് കിളിക്ക് പൂർണത നൽകിയത്. അപ്പോഴേക്കും ട്വിറ്റർ ലോകപ്രശസ്തമായി. ട്വിറ്റർ എന്ന പേര് ഒഴിവാക്കി. കിളി ട്വിറ്ററിന്റെ പ്രതീകമായി.
ട്വിറ്റർ സ്ഥാപകർ- ഇവാൻ വില്യംസ്, ജാക് ഡോർസി, ബിസ് സ്റ്റോൺ.
ട്വിറ്റർ ആദ്യം എഴുതിയിരുന്നത് i, e എന്നീ അക്ഷരങ്ങൾ ഒഴിവാക്കി twttr എന്നായിരുന്നു.