ഭീകര ബന്ധം: തമിഴ്‌നാട്ടിൽ 24 ഇടത്ത് എൻ.ഐ.എ റെയ്ഡ്

Monday 24 July 2023 12:35 AM IST

തൃശൂർ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട്‌ ചെയ്യുന്നതിന് നേതൃത്വം നൽകിയ തൃശൂർ പാടൂർ സ്വദേശി ആഷിസിന്റെയും പാലക്കാട് കോട്ടായി സ്വദേശി റായിസിന്റെയും അറസ്റ്റിനെത്തുടർന്ന് തമിഴ്‌നാട്ടിൽ വ്യാപക എൻ.ഐ.എ റെയ്ഡ്. ഉസിലംപെട്ടി, തഞ്ചാവൂർ ജില്ലകൾ കേന്ദ്രീകരിച്ച് 24 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.

എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മുബാറക്കിന്റെ തിരുനെൽവേലി മേലപ്പാളയത്തുള്ള വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. 2019ൽ വാണിയർ സമുദായ പ്രവർത്തകനായിരുന്ന തിരുപ്പുവനം രാമലിംഗം കുംഭകോണത്ത് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡ്. ഈ കൊലപാതകളെക്കുറിച്ച് ആഷിസിൽ നിന്ന് സുപ്രധാന സൂചന ലഭിച്ചതായാണ് വിവരം.

നിർബന്ധിത മതപരിവർത്തനം തടഞ്ഞതിനാണ് രാമലിംഗത്തെ വെട്ടിക്കൊന്നത്. പിന്നീട് കേസ് എൻ.ഐ.എ ഏറ്റെടുത്തു. ഈറോഡ് ജില്ലയിലെ സത്യമംഗലം വനമേഖലയിൽ നിന്നാണ് കഴിഞ്ഞ ദിവസം ആഷിസിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇയാളുടെ സംഘത്തിലെ റായിസിനെയും പിടികൂടി.

തൃശൂർ, പാലക്കാട് ജില്ലകളിലെ നാലിടങ്ങളിലെ റെയ്ഡിൽ നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. തമിഴ്‌നാട്ടിലെ ചില ഹൈന്ദവ സംഘടനാ, സാമുദായിക നേതാക്കൾക്ക് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

രാമലിംഗം വധക്കേസിൽ അഞ്ച് പ്രതികളാണ്. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.