കഠിനമായ പല്ല് വേദനയെ തുടർന്ന് ചികിത്സ തേടിയ മലയാളി യു കെയിൽ മരിച്ചു

Monday 24 July 2023 5:05 PM IST

ലണ്ടൻ: ചികിത്സയിലിരിക്കെ യുകെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനിയായ മെറീനാ ജോസഫ് (46) ആണ് മരിച്ചത്. ജോലി സ്ഥലത്ത് വച്ച് കഠിനമായ പല്ലു വേദന വന്നതിനെ തുടർന്ന് വെള്ളിയാഴ്ച ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ചികിത്സയിലിരിക്കെ തുടർച്ചയായി ഹൃദയാഘാതം വന്നതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സർജറിക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ ആരോഗ്യനില കൂടുതൽ വഷളായി. തുടർന്ന് രാത്രി എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

യുകെയില്‍ എത്തിയിട്ട് ഏകദേശം ഒരു വര്‍ഷം തികയുന്ന സമയത്താണ് മെറീന ആകസ്മികമായി മരണമടഞ്ഞത്. ജോലി സംബന്ധമായി ബ്ലാക്ക് പൂളിൽ സഹോദരി എൽസമ്മ സ്റ്റീഫനൊപ്പമായിരുന്നു താമസിച്ചിരുന്നത്‌. പതിനെട്ട്, പതിനഞ്ച് വയസ് വീതം പ്രായമുള്ള രണ്ട്‌ പെണ്മക്കളുടെ മാതാവാണ്‌. ആലപ്പുഴ കണ്ണങ്കര ഏറനാട്ടുകളത്തിൽ കൊച്ചൗസേഫാണ് പിതാവ്. സംസ്കാരം പിന്നീട് നാട്ടിൽ വച്ച് നടത്തും.