കുഴഞ്ഞുവീണാൽ മരണത്തിൽ നിന്നും രക്ഷിക്കാം: സി.പി.ആർ റോബോട്ട് റെഡി

Tuesday 25 July 2023 1:24 AM IST

തൃശൂർ: ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീണയാളെ മരണത്തിൽ നിന്നും രക്ഷിക്കാൻ പ്രഥമ ശുശ്രൂഷ നൽകാനാകുന്ന റിവൈവട്രോൺ സി.പി.ആർ റോബോട്ടുമായി എൻജിനീയറിംഗ് വിദ്യാർത്ഥികൾ. കൈകൾകൊണ്ട് സി.പി.ആർ നൽകുന്നതിലെ ബുദ്ധിമുട്ട് നികത്താനും, വൈദ്യസഹായം നൽകുന്നവരുടെ എണ്ണം കുറയ്ക്കാനുമായാണ് ' റിവൈവട്രോൺ സി.പി.ആർ 'റോബോട്ട് ' വികസിപ്പിച്ചത്. ഇതുവഴി വ്യക്തിയുടെ വിരലിൽ നിന്ന് പൾസ് ഓക്‌സീ മീറ്ററിന്റെ സഹായത്താൽ രോഗിയുടെ നിലവിലെ ഹാർട്ട് റേറ്റ്, രക്തത്തിലെ ഓക്‌സിജന്റെ അളവ് എന്നിവ ശേഖരിക്കാനാകും.

ഇത് റോബോട്ടിന്റെ ഡിസ്പ്‌ളേയിൽ കാണിക്കും. അംഗീകൃത ഹോസ്പിറ്റലിലേക്കോ, ഡോക്ടർക്കോ അഞ്ച് സെക്കൻഡ് ഇടവേളകളിൽ അയക്കാനുമാകും. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്ക് പ്രകാരം റോബോട്ടിക്ക് ആമിന്റെ സഹായത്തിൽ നെഞ്ചിൽ നിന്ന് 5 സെന്റിമീറ്റർ ആഴത്തിലും മിനിട്ടിൽ 100-120 തവണ കംപ്രഷൻസ് നടത്തുകയും ഓരോ 30 കംപ്രഷനുകൾക്ക് ശേഷം രണ്ട് പ്രാവശ്യം കൃത്രിമശ്വാസം നൽകുന്നതിന് ഓക്‌സിജൻ സിലിൻഡർ ഘടിപ്പിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്. തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജിലെ അവസാന വർഷ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം വിദ്യാർത്ഥികളാണ് റോബോട്ട് തയ്യാറാക്കിയത്.

സി.പി.ആർ എന്തിന് ?

നിലച്ചുപോയ ഹൃദയത്തിന്റെ പ്രവർത്തനം കൃത്രിമമായി വീണ്ടും പ്രവർത്തിപ്പിക്കുക എന്നതാണ് സി.പി.ആർ കൊടുക്കുന്നതിന്റെ പ്രധാന ഉദ്ദേശം. കൃത്യമായ അളവിൽ സി.പി.ആർ കൊടുക്കാൻ കഴിഞ്ഞാൽ ആ വ്യക്തിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാകും. രോഗിയുടെ ഹൃദയം സ്വയം പ്രവർത്തിക്കുന്നത് വരെ ചെയ്യാം. ഒരു വ്യക്തി മാത്രമാണ് സി.പി.ആർ കൊടുക്കുന്നത് എങ്കിൽ കുറച്ച് സമയത്തിന് ശേഷം ക്ഷീണം അനുഭവപ്പെടും. കൃത്യമായ അളവിൽ കൊടുക്കാൻ കഴിയാത്ത അവസ്ഥയുമുണ്ടാകും. പൊതുസ്ഥലങ്ങളിലോ, ആംബുലൻസുകളിലോ, മാളുകളിലോ വയ്ക്കാവുന്ന രീതിയിലാണ് റോബോട്ടിനെ രൂപകൽപ്പന ചെയ്തത്. സി.പി.ആർ റോബോട്ട് പരിശീലനം ലഭിച്ച വ്യക്തിക്ക് റോബോട്ട് സുഗമമായി പ്രവർത്തിപ്പിക്കാനാകും.

അണിയറയിൽ

ഇലക്ട്രോണിക്‌സ് വിദ്യാർത്ഥികളായ വി.യു ജിതുൽകൃഷ്ണ, സി.എസ് കുമാർസിംഗ്, പ്രണവ് ജി.നാഥ്, പി.എസ് ഷിബിൻ എന്നിവരാണ് ഈ റോബോട്ടിനെ വികസിപ്പിച്ചത്. അദ്ധ്യാപകരായ എം.വന്ദന, ഹിമ അന്നാ തോമസ് എന്നിവർ സാങ്കേതിക ഉപദേശവും പ്രിൻസിപ്പൽ ഡോ.സി.ബി.സജി, ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ഡോ.എസ്.സ്വപ്ന കുമാർ എന്നിവർ പ്രോത്സാഹനവും നൽകി.

Advertisement
Advertisement