ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാം, വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാം; സിപിഎമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി

Tuesday 25 July 2023 9:46 AM IST

ആലപ്പുഴ: സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാധിക്ഷേപ പരാതി. പാർട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നൽകിയത്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉൾപ്പെട്ട തീരദേശത്തെ ലോക്കൽ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്.

'വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാമെന്ന് ' പറഞ്ഞതായി പരാതിയിൽ സ്ത്രീ ആരോപിക്കുന്നു. ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാമെന്ന് പറഞ്ഞതായും ആരോപണമുണ്ട്.

എന്നാൽ പരാതി സ്വീകരിക്കാൻ നേതൃത്വം തയ്യാറായില്ല. പരാതി പറഞ്ഞപ്പോൾ ചില നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും പരാതി നൽകാൻ ജില്ലാ കമ്മിറ്റി ഓഫീസിൽ ചെന്നപ്പോൾ ഒരു മുതിർന്ന നേതാവ് മടക്കി അയച്ചുവെന്നുമാണ് യുവതി പറയുന്നത്. ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകാനാണ് പരാതിക്കാരി തീരുമാനിച്ചിരിക്കുന്നത്.

നിയമപ്രകാരം പൊലീസിന് പരാതി കൈമാറാൻ പരാതിക്കാരി തയ്യാറായിട്ടില്ല. പരാതി പാർട്ടിക്കകത്ത് പരിഹരിക്കാനാണ് ശ്രമം. ആലപ്പുഴയിലെ രണ്ട് ഏരിയാ കമ്മിറ്റികൾ പിരിച്ചു വിട്ടശേഷം അഡ്‌ഹോക് കമ്മിറ്റിയാണ് നിലവിലുള്ളത്.