ഓടിക്കൊണ്ടിരുന്ന ബി എം ഡബ്ല്യു കാറിന് തീപിടിച്ചു; ഡ്രെെവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

Tuesday 25 July 2023 4:31 PM IST

ചെന്നെെ: ഓടിക്കൊണ്ടിരുന്ന ബി എം ഡബ്ല്യു കാറിന് തീപിടിച്ചു. ചെന്നെെയിലെ ക്രോംപേട്ടിലാണ് സംഭവം. തിരക്കേറിയ റോഡിന് നടുവിലാണ് കാറിന് തീപിടിച്ചത്. തുടർന്ന് 30 മിനിട്ടിലധികം ഗതാഗതം തടസപ്പെട്ടു. കാറിൽ നിന്ന് പുക ഉയർന്നതിന് പിന്നാലെ ഡ്രെെവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.

പച്ച നിറമുള്ള കാർ കത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 22കാരനായ പാർത്ഥസാരത്ഥിയാണ് വാഹനം ഓടിച്ചിരുന്നത്. ഇയാൾ തിരുവല്ലിക്കേനിയിൽ നിന്ന് തിണ്ടിവനത്തേയ്ക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. 3 സീരീസ് ജി ടി ബി എം ഡബ്ല്യു കാറിൽ നിന്ന് ഓടിക്കൊണ്ടിരിക്കെ പുക ഉയരുകയായിരുന്നു. തുടർന്ന് പാർത്ഥസാരത്ഥി വണ്ടി നിർത്തി പുറത്തിറങ്ങി. പിന്നാലെയാണ് കാറിൽ വൻ തീപിടിത്തം ഉണ്ടായത്. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.

അടുത്തിടെയായി വാഹനങ്ങളിൽ തീപിടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. ഒരാഴ്ച മുൻപാണ് പൂനെയിലെ മുംബയ് - ബംഗളൂരു ഹെെവേയിൽ മെഴ്സിഡസ് കാറിന് തീപിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.