കെെക്കൂലി കേസിൽ ആദ്യം പിടികൂടിയത് തഹസിൽദാരെ, അബദ്ധം മനസിലാക്കി തെറ്റ് തിരുത്തി വിജിലൻസ്; എല്ലാത്തിനും കാരണം ഷർട്ട്

Wednesday 26 July 2023 2:48 PM IST

കോഴിക്കോട്: കെക്കൂലി വാങ്ങിയതിന് താലൂക്ക് സർവേയറെ അറസ്റ്റ് ചെയ്യാൻ എത്തിയ വിജിലൻസ് സംഘം ആളുമാറി ആദ്യം പിടികൂടിയത് തഹസിൽദാരെ. താമരശേരി താലൂക്ക് ഓഫീസിലാണ് സംഭവം. സ്ഥലവും റോഡും സർവേ നടത്താനായി കൂടരഞ്ഞി സ്വദേശിയുടെ കെെയിൽ നിന്ന് പതിനായിരം രൂപ കെെക്കൂലി വാങ്ങിയ താലൂക്ക് സർവേയർ നസീറിനെ പിടികൂടാനാണ് വിജിലൻസ് എത്തിയത്. എന്നാൽ തഹസിൽദാരും സർവേയറും ഒരേ കളറിലുള്ള ഷർട്ട് ധരിച്ചതാണ് ആശക്കുഴപ്പത്തിന് കാരണമായത്.

നസീർ കെെക്കൂലി വാങ്ങിയ ശേഷം തഹസിൽദാരുടെ യാത്രയയപ്പ് ചടങ്ങിനായി താലൂക്ക് ഓഫീസിൽ എത്തിയിരുന്നു. തുടർന്ന് ഇയാളെ പിടികൂടാൻ എത്തിയ വിജിലൻസ് സംഘം കെെക്കൂലിക്കാരൻ എന്ന് കരുതി തഹസിൽദാരെ പിടികൂടുകയായിരുന്നു. എന്നാൽ അബദ്ധം മനസിലായതോടെ തിരുത്തി സർവേയറെ പിടികൂടി.

നേരത്തെ നസീറിന് പതിനായിരം രൂപ കെെക്കൂലി നൽകിയെങ്കിലും സ്ഥലം മാത്രമാണ് സർവേ നടത്തിയതെന്നും റോഡ് സർവേക്കായി 20000രൂപ കൂടി ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു. നസീറിനെക്കുറിച്ച് മുൻപും പരാതി ലഭിച്ചിരുന്നതായി വിജിലൻസ് ഡി വെെ എസ്‌ പി സുനിൽ കുമാർ അറിയിച്ചു.