കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ആശുപത്രി ഉടമയിൽ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു,​ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന് എട്ടരവർഷം തടവ്

Thursday 27 July 2023 8:41 PM IST

കൊച്ചി : ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന് എട്ടര വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ഇൻസ്പെക്ടർ കെ.കെ. ദിനേശനെയാണ് കൊച്ചി സി.ബി.ഐ കോടതി ശിക്ഷിച്ചത്. അഴിമതി നമിരോധന നിയമത്തിലെ രണ്ട് വകുപ്പുകളിലായി നാല് വർഷവും നാലര വർഷവുമാണ് തടവ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

കൊച്ചി സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ ആണ് ശിക്ഷ വിധിച്ചത്,​. മൂവാറ്റുപുഴയിലെ ഡോ.എസ്. സബൈനിൽ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതിയെ സി.ബി.ഐ പിടികൂടിയത്. 2017 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം,​ ആശുപത്രിയിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥൻ നിരവധി ക്രമക്കേടുകൾ നടത്തിയെന്നും കേസിൽ നിന്ന് ഒഴിവാക്കാൻ 10 ലക്ഷം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.